ക്രൈം
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച 23കാരന് ജീവപര്യന്തം
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 23കാരന് ജീവപര്യന്തം തടവ്. ഏനാദിമംഗലം മാരൂര്‍ ചാങ്കൂര്‍ കണ്ടത്തില്‍ പറമ്പില്‍ വീട്ടില്‍ അജിത്തിനെയാണ് ശിക്ഷിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടതായിരുന്നു പെണ്‍കുട്ടിയെ. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചു എന്നാണ് കേസ്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ നിരവധി തവണ പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം കഠിനതടവും പോക്‌സോ ആക്ടുകള്‍ പ്രകാരം 26 വര്‍ഷം തടവും 3,20,000 രൂപ പിഴയുമാണ് ശിക്ഷ. അടൂര്‍ അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ രണ്ടര വര്‍ഷം കൂടി അധികം തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.
2022 ജനുവരി മൂന്നിന് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ഇയാള്‍ മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ കാണിച്ചു ഭീഷണിപ്പെടുത്തി വീട്ടില്‍ താമസിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും പണവും അമ്മൂമ്മയുടെ സ്വര്‍ണമാലയും കൈക്കലാക്കുകയായിരുന്നു. മാല കാണാത്തതിനെ തുടര്‍ന്ന് അമ്മൂമ്മ പൊലിസില്‍ പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടി കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
അടൂര്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് എസ്.എച്ച്.ഒ ടി.ഡി പ്രജീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സ്മിത ജോണ്‍ ഹാജരായി.