ദേശീയം
2ജി സ്പെക്ട്രം അഴിമതി: രാജയെയും കനിമൊഴിയെയും കുറ്റവിമുക്തരാക്കിയതിന് എതിരായ അപ്പീല്‍ ഫയലില്‍
വിവാദമായ 2ജി സ്പെക്ട്രം അഴിമതി കേസില്‍ മുന്‍ മന്ത്രിയും ഡിഎംകെ നേതാവുമായ എ രാജ, കനിമൊഴി എന്നിവരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരായ സിബിഐയുടെ അപ്പീല്‍ ഡല്‍ഹി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. രാഷ്ട്രീയ നേതാക്കളെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്താണ് ഹര്‍ജി.
2017 ഡിസംബറിലാണ് പ്രത്യേക കോടതി എ രാജയെയും കനിമൊഴിയെയും ഉദ്യോഗസ്ഥരെയും കുറ്റവിമുക്തരാക്കി വിധി പറഞ്ഞത്. ഇതിനെതിരെ 2018ല്‍ തന്നെ സിബിഐ അപ്പീല്‍ നല്‍കിയിരുന്നു.
അപ്പീല്‍ നിലനില്‍ക്കുമെന്ന് ജസ്റ്റിസ് ദിനേഷ് കുമാര്‍ ശര്‍മ പറഞ്ഞു. ഇതില്‍ വിശദ പരിശോധന ആവശ്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. മെയ് 28ന് അപ്പീലില്‍ കോടതി വാദം കേള്‍ക്കും.