Covid 19
സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് ഫറോക്ക് കല്ലമ്പാറയിൽ ഒന്നര വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷിഗെല്ലാ രോഗം റിപ്പോര്‍ട്ട് ചെയ്ത കോഴിക്കോട് കോട്ടാംപറമ്പിൽ രണ്ട് കിണറുകളിലെ വെള്ളത്തില്‍ ഷിഗെല്ലാ ബാക്ടീരിയയുടെ സമാനമായ ബാക്ടീരിയ കണ്ടെത്തിയതായി പ്രാഥമിക വിവരം. എന്നാല്‍, ഇത് സംബന്ധിച്ച് അന്തിമ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല.
Read also: കോവിഡ് 2 വൈറസ് വകഭേദം; ജാഗ്രതയോടെ സംസ്ഥാന ആരോഗ്യ വകുപ്പ്
നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പ്രാഥമിക പഠനത്തില്‍ വെള്ളത്തിലൂടെയാണ് ഷിഗെല്ലാ പടര്‍ന്നതെന്ന് കണ്ടെത്തിയിരുന്നു. ഇന്ന് പ്രദേശത്ത് വീണ്ടും പ്രത്യേക ഫോളോ അപ്പ് മെഡിക്കല്‍ ക്യാംപ് നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലെ കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ പൂർത്തിയാക്കി.
കോഴിക്കോട് കോട്ടാംപറമ്പില്‍ പതിനൊന്ന് വയസുള്ള കുട്ടി ഷിഗല്ല ബാധിച്ച് മരിച്ചിരുന്നു. ഇതിന് പിന്നാലെ പ്രദേശത്തെ 120 കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി. കടലുണ്ടി, ഫറോക്ക്, പെരുവയല്‍, വാഴൂര്‍ പ്രദേശങ്ങളിലും ഷിഗല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടങ്ങളിൽ ഒരാഴ്ച തുടര്‍ച്ചയായി ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും.
മുതിര്‍ന്നവരേക്കാള്‍ കുട്ടികളെയാണ് രോഗം ഗുരുതരമായി ബാധിക്കുന്നത്. രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെ വളരെ വേഗം ഷിഗല്ല പടരും. വയറിളക്കം, പനി, വയറുവേദന, അടിക്കടി മലശോധനയ്ക്ക് തോന്നുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. എല്ലാ ഷിഗല്ല രോഗികൾക്കും രോഗലക്ഷങ്ങൾ കാണണമെന്നില്ല. ഷിഗല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങുക.
രണ്ട് മുതല്‍ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നു. ചിലകേസുകളില്‍ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. ചിലരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുകയും ചെയ്യും. പനി, രക്തംകലര്‍ന്ന മലവിസര്‍ജ്ജനം, നിര്‍ജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണം.