കേരളം
തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാരിനെ വിലക്കണം: സുപ്രീംകോടതിയില്‍ ഹര്‍ജി
തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാരിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. സുപ്രീംകോടതി വിധി പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ് നേതാവ് ഡോ. ജയ താക്കൂറാണ് ഹര്‍ജി നല്‍കിയത്.
തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിന് പ്രധാനമന്ത്രി, ലോക്‌സഭ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സെലക്ഷന്‍ പാനൽ രൂപീകരിക്കാൻ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിക്കൊണ്ടുള്ള സമിതി രൂപീകരിക്കാനുള്ള ബില്‍ പാസ്സാക്കി.
പ്രധാനമന്ത്രി, പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന ഒരു കേന്ദ്രമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയാണ്, പാര്‍ലമെന്റ് പാസ്സാക്കിയ ബില്‍ പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുക. എന്നാല്‍ കേന്ദ്രസര്‍ക്കാരിന് ഇഷ്ടപ്പെട്ടവരെ തിരുകി കയറ്റാനാണ് പുതിയ നിയമത്തില്‍ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവെച്ചതോടെ, തെരഞ്ഞെടുപ്പ് കമ്മീഷനിൽ രണ്ടൊഴിവാണുള്ളത്. മറ്റൊരു കമ്മിഷണർ അനൂപ് ചന്ദ്ര പാണ്ഡെ കഴിഞ്ഞ മാസം വിരമിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായ പശ്ചാത്തലത്തിൽ, പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കാന്‍ കേന്ദ്ര നിയമമന്ത്രാലയം നടപടികള്‍ തുടങ്ങി. ഈ മാസം പതിമൂന്നിനോ പതിനാലിനോ സെര്‍ച്ച് കമ്മിറ്റി ചേരും. നിയമനത്തിന് അംഗീകാരം നല്‍കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള പാനല്‍ 15 ന് ചേര്‍ന്നേക്കുമെന്നാണ് സൂചന.