കേരളം
കാണുന്ന സിനിമയ്ക്ക് മാത്രം പണം; സംസ്ഥാന സർക്കാരിന്റെ ഒടിടി പ്ലാറ്റ്‌ഫോം ‘സി സ്പേസിൽ’ സിനിമ കാണാം
ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്‌ഫോം എന്ന സ്വപ്നം യാഥാർത്ഥ്യമാവുന്നു. സി സ്പേസ് എന്നു പേരിട്ടിരിക്കുന്ന ഈ ഒടിടി പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനം വ്യാഴാഴ്ച 9:30ന് തിരുവനന്തപുരം കൈരളി തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ ഒടിടി പ്ലാറ്റ്‌ഫോം വരുന്നത്.
വ്യാഴാഴ്ച മുതൽ പ്ലേസ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോർ വഴിയും സി സ്പേസ് ആപ്പ് ഡൗൺലോഡ് ചെയ്യാം. 35 ഫീച്ചർ സിനിമകളും 6 ഡോക്യമെന്ററികളും ഒരു ഹ്രസ്വചിത്രവുമാണ് ആദ്യഘട്ടത്തിൽ ലഭ്യമാവുക. സ്ഥാന സർക്കാരിന്‍റെ വിമെൻ സിനിമ പ്രോജക്ടിന്റെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ച നിഷിദ്ധോ, ബി 32 മുതൽ 44വരെ തുടങ്ങിയ ചിത്രങ്ങളും സി സ്പേസിൽ ലഭ്യമാവും.
സി സ്‌പേസ് ഒടിടി ആപ്പ് ഡൗൺലോഡ് ചെയ്ത്, താല്‍പ്പര്യമുളള സിനിമ തിരഞ്ഞെടുത്ത് പണം അടച്ച് കാണാനാകുന്ന ‘പേ പ്രിവ്യൂ’ രീതിയിലാണ് പ്ലാറ്റ്‌ഫോമിന്റെ ക്രമീകരണം. അതായത് കാണുന്ന സിനിമയ്ക്കു മാത്രം പണം നൽകിയാൽ മതി എന്നു ചുരുക്കം. ഒരു ഫീച്ചർ സിനിമക്ക് 75 രൂപയാണ് നിരക്ക്. ഈ തുകയുടെ പകുതി നിർമാതാവിനു ലഭിക്കും. ഡൗൺലോഡ് ചെയ്യുന്ന സിനിമ മൂന്നു ദിവസം വരെയും കണ്ടുതുടങ്ങിയാൽ 72 മണിക്കൂർ വരെയും സൂക്ഷിക്കാം. ഒരു ഐഡിയിൽ നിന്നും മൂന്നു വ്യത്യസ്ത ഡിവൈസുകളിൽ കാണാം. ചലച്ചിത്ര വികസന കോർപ്പറേഷനാണ് സി സ്പേസിന്റെ നടത്തിപ്പു ചുമതല.
തിയേറ്റര്‍ റിലീസിനു ശേഷമാണ് സിനിമകള്‍ സര്‍ക്കാരിന്റെ ഒടിടിയിലേക്ക് എത്തുക എന്നതിനാൽ തന്നെ സി സ്‌പേസ് സംവിധാനം സംസ്ഥാനത്തെ തിയേറ്റര്‍ വ്യവസായത്തിന് നഷ്ടമുണ്ടാക്കില്ല. മാത്രമല്ല ഓരോ നിര്‍മ്മാതാവിനും എക്കാലവും ഇതിന്മേലുള്ള വരുമാനത്തിന്റെ ഒരു ഭാഗം ലഭിക്കുകയും ചെയ്യും. ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍ തുടങ്ങിയവയും സി സ്പേസിലൂടെ കാണാം.