Uncategorized
ക്രിസ്മസ് ആഘോഷങ്ങളിൽ ഹരിതചട്ടം പാലിക്കണം
ക്രിസ്മസ് ആഘോഷങ്ങളിൽ ഹരിതചട്ടം പാലിക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ യോഗം ചേർന്നു. ശുചിത്വ മിഷനും ഹരിതകേരള മിഷനും സംയുക്തമായാണ് യോഗം സംഘടിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കണം ആഘോഷങ്ങൾ സംഘടിപ്പിക്കേണ്ടത്.
പത്ത് വയസിനു താഴെയുള്ള കുട്ടികളെ ആഘോഷപരിപാടികളിൽ നിന്നും പരമാവധി ഒഴിവാക്കൻ ശ്രദ്ധിക്കണം. പ്ലാസ്റ്റിക്, ഡിസ്‌പോസബിൾ എന്നിവയുടെ ഉപയോഗം പരമാവധി ഒഴിവാക്കാൻ ആവശ്യമായ നടപടികൾ ഇടവകകൾ, പള്ളികൾ, സ്ഥാപനങ്ങൾ എന്നിവ സ്വീകരിക്കണം.
മാലിന്യസംസ്‌കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു കുട്ടികളിൽ അവബോധം സൃഷ്ടിക്കണം. ഇതിനാവശ്യമായ നടപടികളും സ്വീകരിക്കണം. ഹരിതച്ചട്ടം പാലിക്കുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുന്നതിനായി ലഘുലേഖ, പോസ്റ്ററുകൾ തുടങ്ങിയ പ്രചരണസാമഗ്രികൾ ഉപയോഗപ്പെടുത്തണം. ക്രിസ്മസ് ആഘോഷങ്ങളിൽ ഹരിതച്ചട്ടം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനു യോഗത്തിൽ തീരുമാനമായി.
മലങ്കര ഓർത്തഡോക്‌സ് സഭാ പ്രതിനിധികളായ ഫാ. എബ്രഹാം തോമസ്, ഫാദർ മാത്യു നൈനാൻ, സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക പ്രതിനിധികളായ പി.എസ്. ജോൺ ക്ലിഫോർഡ്, സജിൻ സ്റ്റുവർട്ട്, സാൽവേഷൻ ആർമി പ്രതിനിധികളായ എബനേസർ യോന, ജി.എസ്.ഗ്ലാഡിസ്റ്റൻ, എം.എസ്.റെജി, ലത്തീൻ കത്തോലിക്ക പ്രതിനിധി എ. സാബു, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എ. ഫെയ്സി, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ഷീബ പ്യാരേലാൽ, ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡി. ഹുമയൂൺ, ശുചിത്വ മിഷൻ പ്രോഗ്രാം മാനേജർ ബബിത, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.