കേരളം
നിയമ സഹായം തേടിയെത്തിയ അതിജീവിതയെ ബലാത്സംഗം ചെയ്ത കേസ്; മുൻ സർക്കാർ പ്ലീഡർ പിജി മനു ജാമ്യ ഹർജി നൽകി
നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ സർക്കാർ അഭിഭാഷകൻ പിജി മനു ജാമ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചു. പ്രമേഹ രോഗം വർദ്ധിച്ചതിനാൽ നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ശസ്ത്രക്രിയ കഴിഞ്ഞ ഇടത് കാലിൽ സ്റ്റീൽ ഇട്ട സ്ഥലത്ത് പഴുപ്പ് ഉണ്ടെന്നതടക്കം ചൂണ്ടികാട്ടിയാണ് ഹർജി. അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തെന്നും ഇനിയും ജുഡീഷ്യൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലാത്തതിനാൽ ജാമ്യം നൽകണമെന്നുമാണ് വാദം. ഹർജിയിൽ ഹൈക്കോടതി സർക്കാറിന്‍റെ നിലപാട് തേടി.
കഴിഞ്ഞ ജനുവരി 31 നാണ് പുത്തൻകുരിശ് ഡിവൈഎസ്പിയക്ക് മുന്നിൽ പിജി മനു കീഴടങ്ങിയത്. 2018 ൽ ഉണ്ടായ ലൈംഗിക അതിക്രമ കേസിൽ 5 വർഷമായിട്ടും നടപടിയാകാതെ വന്നപ്പോൾ പൊലീസ് നിർദ്ദേശപ്രകാരം നിയമ സഹായം തേടിയെത്തിയ യുവതിയെ ഓഫീസിൽ വെച്ചും വീട്ടിൽ വെച്ചും ബലാത്സഗം ചെയ്തെന്നാണ് പിജി മനുവിനെതിരായ കേസ്.
അഭിഭാഷകൻ അയച്ച വാട്സ്ആപ് ചാറ്റുകൾ, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പൊലീസിന് കൈമാറിയിട്ടുണ്ട്. ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പി ജി മനുവിനെതിരെ കേസെടുത്തിരിക്കുന്നത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!