കേരളം
മരട് വെടിക്കെട്ട് : ഹൈക്കോടതി സിംഗിള്‍ബെഞ്ച് അനുമതി നിഷേധിച്ചു
മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിന് അനുമതി നിഷേധിച്ച് ഹൈക്കോടതിയും. വെടിക്കെട്ടിന് അനുമതി നിഷേധിച്ച ജില്ലാ കലക്ടറുടെ ഉത്തരവിൽ ഇടപെടാൻ കോടതി തയ്യാറായില്ല. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ക്ഷേത്ര ഭാരവാഹികൾ ഇന്ന് തന്നെ ഡിവിഷൻ സമീപിക്കും. വെടിക്കെട്ടിന് അനുമതി നിഷേധിച്ച ജില്ലാ കലക്ടറുടെ നടപടിക്കെതിരെ തെക്കേ ചരുവാരം വടക്കേ ചരുവാരം വിഭാഗങ്ങളാണ് ഹൈക്കോടതിയെ സമീപിച്ചത്.
മുൻവർഷങ്ങളിൽ വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ടെന്ന് ചൂണ്ടികാട്ടിയായിരുന്നു ഹർജി. എന്നാൽ ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. മുൻവർഷങ്ങളിൽ ഹൈക്കോടതി വിധിയുടെ ലംഘനം നടന്നിട്ടുണ്ടെന്ന് ജസ്റ്റിസ് വിജു എബ്രഹാം നിരീക്ഷിച്ചു. കർശന ഉപാധികളോടെയാണ് വെടിക്കെട്ടിന് ഹൈക്കോടതി 2019 ൽ അനുമതി നൽകിയിരുന്നത്.
അപകടകരമായ അമിട്ടുകളും, വെടിമരുന്നും സൂക്ഷിച്ചതിന് ആ വർഷം പോലീസ് കേസെടുത്തിരുന്നു. ഈ മാസം രണ്ടിനും ഒൻപതിനും അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് ക്ഷേത്ര ഭാരവാഹികൾക്കെതിരെ മരട് പോലീസ് കേസെടുത്തിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രദേശത്ത് സുരക്ഷിതമായി വെടിക്കെട്ട് നടത്താൻ ആവശ്യമായ സ്ഥലമില്ലെന്ന് വിവിധ വകുപ്പുകളുടെ റിപ്പോർട്ടുകളുണ്ടെന്നും, പൊലീസ്, അഗ്നിരക്ഷ സേന, റവന്യൂ വിഭാഗങ്ങൾ എതിർത്തതായും സർക്കാർ അറിയിച്ചു. പുതിയകാവ് സ്ഫോടനവും സർക്കാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യങ്ങൾ അംഗീകരിച്ചാണ് വെടിക്കെട്ടിന് കോടതി അനുമതി നിഷേധിച്ചത്. ഉത്തരവിനെതിരെ ക്ഷേത്ര ഭാരവാഹികൾ ഇന്നുതന്നെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കും. നാളെയും മറ്റന്നാളുമാണ് മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് വെടിക്കെട്ട് നടത്താനിരുന്നത്.