കേരളം
വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; കുറുവാ ദ്വീപ് ജീവനക്കാരന് പരിക്ക്
വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. കുറുവ ദ്വീപിലെ ജീവനക്കാരനെയാണ് കാട്ടാന ആക്രമിച്ചത്. പരിക്കേറ്റ പാക്കം സ്വദേശി പോള്‍ മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ദിവസങ്ങളായി വയനാട്ടിലെ ജനവാസമേഖലകളില്‍ വന്യജീവികളുടെ സാന്നിധ്യം വര്‍ധിച്ചതോടെ പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍.
ഇന്ന് രാവിലെ ഒന്പതരയോട് കൂടിയാണ് ആനയുടെ ആക്രമണം ഉണ്ടായത്. പാക്കം മേഖലയില്‍ നിന്നുള്ള കുറുവദ്വീപിലേക്കുള്ള എന്ട്രന്സില് ഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് കാട്ടാനായുടെ ആക്രമണം ഉണ്ടായത്. ദ്വീപിലേക്കുള്ള വനപാതയിലൂടെ റോഡ് ആണ് ഇത്.
സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ പോളിന്റെ നിലവിളി കേട്ട് ഓടിയെത്തുകയായിരുന്നു. അവര്‍ അവര്‍ ഒച്ചവെച്ച് കാട്ടാനയെ ഓടിച്ചു. തൊഴിലുറപ്പ് തൊഴിലാളികളാണ് പോളിനെ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പ്രദേശത്ത് മൂന്ന് കാട്ടാനകളുടെ സാന്നിധ്യമുണ്ടായതായി പ്രദേശവാസികള്‍ പറയുന്നു. ഇന്നലെ വൈകീട്ട് ജീപ്പിന് നേരെ പാഞ്ഞടുത്തതായും നാട്ടുകാര്‍ പറയുന്നു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!