Covid 19
കോവിഡിനു പിന്നാലെ കുട്ടികളെ ബാധിച്ചേക്കാവുന്ന ഗുരുതരമായ മൾട്ടിസിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം (MIS-C)
കോവിഡിനു പിന്നാലെ കുട്ടികളെ ബാധിച്ചേക്കാവുന്ന ഗുരുതരമായ മൾട്ടിസിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം (MIS-C) എന്ന അവസ്ഥ കേരളത്തിൽ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ 15 കുട്ടികൾ ഇതിനകം ചികിത്സതേടി. മൂന്നുപേരുടെ നില ഗുരുതരമായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും കൊച്ചിയിലെ ആശുപത്രികളിലും രോഗം കണ്ടെത്തിയിട്ടുണ്ട്.
കണ്ണിലും വായിലും ചുവപ്പ്, ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പനി, ശരീരത്തിൽ തടിച്ചുപൊങ്ങൽ, കൈകാലുകളിലെ ചുവപ്പും വീക്കവും, ശക്തമായ വയറുവേദനയും വയറിളക്കവും എന്നിവയാണ് പ്രകടമായ ലക്ഷണങ്ങൾ.
1976-ൽ ജപ്പാനിൽ ആദ്യമായി കണ്ടെത്തിയ കവാസാക്കി രോഗത്തിനു സമാനമായ ലക്ഷണങ്ങളാണിതിനുള്ളത്. കൃത്യസമയത്തു ചികിത്സിച്ചില്ലെങ്കിൽ ഹൃദയപേശികളെവരെ ബാധിക്കാം. യൂറോപ്പിലും അമേരിക്കയിലും കോവിഡ് പടർന്ന് രണ്ടുമാസത്തിനുശേഷം റിപ്പോർട്ടുചെയ്ത എം.ഐ.എസ്.-സി. ഏഷ്യയിൽ ആദ്യം കണ്ടെത്തുന്നത് കോഴിക്കോടാണ്. ഏപ്രിൽ അവസാനവാരമായിരുന്നു ഇത്. പിന്നീട് രാജ്യത്തിന്റെ പലഭാഗത്തും സ്ഥിരീകരിച്ചു.
കോവിഡ് വൈറസിനോടുള്ള ശരീരത്തിന്റെ പ്രതിരോധമാണ് യഥാർഥത്തിൽ ഈയവസ്ഥ. അഞ്ചുശതമാനം പേരിലേ ഗുരുതരമാവാറുള്ളൂ. ഗുരുതരമായാൽ ഹൃദയപേശികളെ ബാധിക്കുന്ന മയോകാർഡൈറ്റിസ് അവസ്ഥയിലേക്കെത്താം. ശ്വാസകോശം, വൃക്ക, ദഹനവ്യവസ്ഥ, തലച്ചോറ്, തൊലി, കണ്ണ്, രക്തധമനികൾ എന്നിവയെയും ബാധിക്കാം. അപൂർവം കേസുകളിൽ മരണവും സംഭവിക്കാം.
കൃത്യസമയത്ത് കണ്ടെത്തി മരുന്നുനൽകിയാൽ പൂർണമായും ഭേദമാക്കാം. കോവിഡ് സ്ഥിരീകരിക്കാത്തവരാണെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്. ഉടൻ ചികിത്സതേടുക. ചികിത്സയ്ക്കെത്തിയാൽ ആന്റിബോഡി പരിശോധന നടത്തി കോവിഡ് വന്നുപോയിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കും. അതിനുശേഷമാണ് മരുന്നുനൽകുക.