കേരളം
കേരളത്തിൽ കാൻസർ രോഗികളിൽ വൻ വർധനവ്; മുന്നിൽ വടക്കൻ ജില്ലകൾ
കേരളത്തിലെ കാൻസർ ബാധിതരുടെ എണ്ണത്തിൽ ഭയാനകമായ വർധനവ്. സർക്കാർ കണക്കുകൾ പ്രകാരം, രാജ്യത്തെ മുൻനിര കാൻസർ കെയർ സെൻ്ററുകളിലൊന്നായ തിരുവനന്തപുരം റീജിയണൽ കാൻസർ സെൻ്ററിലെ (ആർസിസി) പുതിയ കേസുകളുടെ എണ്ണത്തിൽ 36 ശതമാനം വർധനവാണ് ഉണ്ടായത്. 2022-23 വർഷത്തിൽ 15,324 പേർക്കാണ് കാൻസർ സ്തിരീകരിച്ചത്. 2020-21 വർഷത്തെ 11,191 എന്ന എണ്ണത്തിൽ നിന്നാണ് ഈ കുതിച്ചുചാട്ടം.
സ്തിരീകരിച്ച രോഗികൾക്ക് പുറമേ, ആർസിസിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട റിവ്യൂ കേസുകളിലും മൂന്ന് വർഷത്തിനിടെ 61 ശതമാനം വളർച്ചയാണ് ഉണ്ടായത്. 2020- 21 വർഷത്തെ 1,50,330 എന്ന കണക്കിൽ നിന്ന് 2022- 23 വർഷത്തെ 2,42,129 കണക്കിലേക്കാണ് വർധനവുണ്ടായത്. വെള്ളിയാഴ്ച പുറത്തിറക്കിയ സ്റ്റേറ്റ് ഇക്കണോമിക് റിവ്യൂ-2024 ലാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്.
കേരളത്തിൽ കാൻസർ ഒരു പ്രധാന സാംക്രമികേതര രോഗമാണെന്നും, ദേശീയ ശരാശരിയെ അപേക്ഷിച്ച് സംസ്ഥാനത്തെ പുരുഷൻമാരിൽ കാൻസർ മരണനിരക്ക് വളരെ കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു. കണ്ണൂർ മലബാർ കാൻസർ സെൻ്ററിൽ (എംസിസി) 2022-23 ൽ 7,795 പുതിയ കേസുകളും, കൊച്ചിൻ കാൻസർ റിസർച്ച് സെൻ്ററിൽ (സിസിആർസി) 1,606 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. 7,142 എന്ന ശരാശരിയിൽ എല്ലാ വർഷവും എംസിസി പുതിയ കേസുകൾ രജിസ്റ്റർ ചെയ്യുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഫെബ്രുവരി നാലിന് ലോക കാൻസർ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആരോഗ്യവകുപ്പ് പ്രിവൻ്റീവ് ഓങ്കോളജി ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. തുടക്കത്തിൽ, സേവനം ആശുപത്രികളിലെ ഗൈനക്കോളജി വിഭാഗങ്ങളിലായിരിക്കും പ്രവർത്തനം ആരംഭിക്കുക. രോഗ നിർണ്ണയം കഴിയുന്നത്ര നേരത്തെ കണ്ടെത്തുന്നതിനുള്ള കാൻസർ നിയന്ത്രണ നടപടികൾ സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ വർഷമാണ് കേരളത്തിൽ സാംക്രമികേതര രോഗങ്ങളുടെ ജനസംഖ്യാടിസ്ഥാനത്തിലുള്ള പരിശോധന ആരംഭിച്ചത്. 30 വയസ്സിന് മുകളിൽ പ്രായമുള്ള 1.53 കോടി ആളുകളെ ആരോഗ്യവകുപ്പ് പരിശോധിച്ചതായി സർവേ ഉദ്ധരിച്ച് ആരോഗ്യ മന്ത്രി പറഞ്ഞു. കൂടാതെ ആർസിസിയിലെയും എംസിസിയിലെയും ജനസംഖ്യാ അടിസ്ഥാനത്തിലുള്ള കാൻസർ വിവരങ്ങൾ പ്രകാരം, പുരുഷന്മാരിൽ ശ്വാസകോശ അർബുദവും, സ്ത്രീകളിൽ സ്തനാർബുദവും കൂടുതലാണെന്ന് മന്ത്രി പറഞ്ഞു. തെക്കൻ ജില്ലകളെ അപേക്ഷിച്ച് വടക്കൻ ജില്ലകളിലെ ജനങ്ങളിൽ വൻകുടലിലെനെ ബാധിക്കുന്ന കാൻസർ കേസുകൾ കൂടുതലാണെന്നും റിപ്പോർട്ട് പറയുന്നു.
ജീവിതശൈലി മാറ്റങ്ങൾ, മദ്യത്തോടും പുകയിലയോടുമുള്ള അമിതമായ ആസക്തി, വൈറ്റ് കോളർ ജോലികളോടുള്ള അടുപ്പം, അനാരോഗ്യകരമായ ഭക്ഷണരീതികൾ, ശാരീരിക അദ്ധ്വാനത്തിന്റെ അപര്യാപ്തത, ഉയർന്ന സമ്മർദ്ദം എന്നിവയാണ് കേരളത്തിൽ സാംക്രമികേതര രോഗങ്ങളുടെ ഉയർന്ന വ്യാപനത്തിനുള്ള കാരണമെന്ന അവലോകനം പറയുന്നു.