കേരളം
സ്കൂൾ യൂണിഫോം: നെയ്‌ത്ത് തൊഴിലാളികൾക്ക് 20 കോടി അനുവദിച്ചു
സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിയിൽ തുണി നെയ്‌ത് നൽകിയ കൈത്തറി നെയ്‌ത്ത് തൊഴിലാളികൾക്ക് 20 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. നേരത്തെ 53 കോടി നൽകിയിരുന്നു.
സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതി പ്രകാരം ഒന്ന് മുതൽ ഏഴാം ക്ലാസ് വരെയുളള സർക്കാർ സ്കൂളുകളിലെ കുട്ടികൾക്കും, ഒന്ന് മുതൽ നാലാം ക്ലാസ് വരെയുളള എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്കുമായി രണ്ട് ജോഡി വീതം യൂണിഫോം തുണിയാണ് വിതരണം ചെയ്യുന്നത്. പരമ്പരാഗത വ്യവസായ കൈത്തറിയുടെ ഉന്നമനത്തിനും സ്കൂൾ കുട്ടികൾക്ക് ഗുണമേന്മയേറിയ യൂണിഫോം ലഭിക്കുന്നതിനുമായാണ് പദ്ധതി നടപ്പിലാക്കിയത്.
തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള ജില്ലകളിൽ ഹാന്റക്സും, തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുളള ജില്ലകളിൽ ഹാൻവീവുമാണ് യൂണിഫോം തുണി വിതരണം ചെയ്യുന്നത്. 6200 നെയ്‌ത്തുകാരും, 1600 അനുബന്ധ തൊഴിലാളികളും ഇതുമായി ബന്ധപ്പെട്ട ജോലി ചെയ്തുവരുന്നു.