കേരളം
ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി ഏപ്രിൽ 16?; പ്രഖ്യാപനത്തിൽ വ്യക്തത വരുത്തി ചീഫ് ഇലക്ടറൽ ഓഫീസർ
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അന്തിമ തീയതി പ്രഖ്യാപിച്ചിട്ടില്ലെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് അയച്ച സർക്കുലറിൽ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തീയതി 2024 ഏപ്രിൽ 16 ആണെന്ന് സൂചിപ്പിച്ചിരുന്നു. എന്നാലിത് തെരഞ്ഞെടുപ്പ് തീയതി അല്ലെന്നും തെരഞ്ഞെടുപ്പ് പ്ലാനിംഗിനും റഫറൻസിനും തയ്യാറാകുന്നതിനും വേണ്ടി നൽകിയ തീയതിയാണെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ സർക്കുലറിൽ വ്യക്തമാക്കി.
തീയതി സംബന്ധിച്ച് നിരവധി അന്വേഷണങ്ങൾ മാധ്യമങ്ങളിൽ നിന്ന് വരുന്നുണ്ടെന്നും ഉദ്യോഗസ്ഥർക്ക് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള ‘റഫറൻസിനായി’ മാത്രമാണ് തീയതി ഏപ്രിൽ 16 എന്ന് നൽകിയിരിക്കുന്നതെന്നും ചീഫ് ഇലക്ടറൽ ഓഫീസിന്റെ ഔദ്യോഗിക എക്സ് ഹാൻഡിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.
അതേസമയം ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് ആകെ 2.7 കോടി വോട്ടർമാർ. 5.75 ലക്ഷം പുതിയ വോട്ടർമാർ. വോട്ടർ പട്ടിക ശുദ്ധീകരണത്തിൽ 3.75 ലക്ഷം പേർ ഒഴിവായി. സംസ്ഥാനത്ത് 1,39,96,729 സ്ത്രീ വോട്ടർമാരും 1,31,02,288 പുരുഷ വോട്ടർമാരും ആണ് ഉള്ളത്.
കൂടുതൽ വോട്ടർമാരുള്ള ജില്ല മലപ്പുറമാണ് (32,79, 172). കുറവ് വോട്ടർമാരുള്ള ജില്ലയാണ് വയനാടാണ് (6,21,880). പ്രവാസി വോട്ടർമാരായി 88,223 ഉണ്ട്. സംസ്ഥാനത്ത് ആകെ പോളിംഗ് സ്റ്റേഷനുകൾ എണ്ണം 25,177 ആയി. അന്തിമ വോട്ടർ പട്ടികയിൽ പേര് ചേർക്കാനാകാത്തവർക്ക് തെരഞ്ഞെടുപ്പിന് മുൻപ് വരെ അപേക്ഷ സമർപ്പിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്.
അന്തിമ വോട്ടർ പട്ടിക സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിൽ പരിശോധിക്കാൻ കഴിയും. താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവൽ ഓഫീസറുടെ കൈവശവും അന്തിമ വോട്ടർപട്ടിക ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് താലൂക്ക് ഓഫീസുകളിൽ നിന്ന് വോട്ടർ പട്ടിക കൈപ്പറ്റാം. പുതുതായി 17.1 ലക്ഷം കാർഡുകൾ നൽകിയിട്ടുണ്ട്. ഹോളോഗ്രാമുള്ള കൂടുതൽ സുരക്ഷിതമായവയാണ് പുതിയ കാർഡുകൾ.