കേരളം
കടലിൽ പോകുന്ന വലിയ വള്ളങ്ങള്‍ക്ക് ഇൻഷുറൻസ് നിഷേധിക്കുന്നുവെന്ന് മത്സ്യ തൊഴിലാളികള്‍
കടലിൽ മീൻ പിടിക്കാൻ പോകുന്ന വലിയ വള്ളങ്ങള്‍ക്ക് ഇൻഷുറൻസ് നിഷേധിക്കുന്നുവെന്ന് മത്സ്യ തൊഴിലാളികള്‍. 20 അടിയിൽ കൂടുതൽ നീളമുള്ള ഇൻബോർഡ് വള്ളങ്ങളെയാണ് പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നത്. കഴിഞ്ഞ വർഷം വരെ ഇൻഷുറൻസ് പ്രീമിയം തുക അടച്ചിരുന്ന തൊഴിലാളികളിൽ നിന്ന് ഈ വർഷം പ്രീമിയം തുക സ്വീകരിച്ചിട്ടില്ല. എറണാകുളം ജില്ലയിൽ മാത്രം എണ്‍പതോളം ഇൻബോർഡ് വള്ളങ്ങള്‍ കടലിൽ മത്സ്യബന്ധനം നടത്തുന്നുണ്ട്.
തൊഴിലാളികള്‍ ചേർന്ന് അയൽക്കൂട്ടങ്ങള്‍ രൂപീകരിച്ചും 25 ലക്ഷം രൂപ സർക്കാർ ധനസഹായവും വിനിയോഗിച്ചാണ് വള്ളങ്ങള്‍ വാങ്ങുന്നത്. ഓരോ വള്ളത്തിലും 50 മുതൽ 55 വരെ തൊളിലാളികള്‍ ഉപജീവനം നടത്തുന്നുണ്ട്. ഇൻഷുറൻസ് നടപ്പാക്കുന്നതിനായ് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെങ്കിലും പദ്ധതി നടത്തിപ്പിനായി പുതിയ കമ്പനിയെ നിയോഗിച്ചത് മുതൽ തൊഴിലാളികളിൽ നിന്ന് പ്രീമിയം തുക സ്വീകരിക്കുന്നില്ല. വള്ളങ്ങളിലെ എഞ്ചിനുകളുടെ പവറുമായി ബന്ധപ്പെട്ട ആശയക്കുഴപ്പാണ് കാരണം.
വള്ളങ്ങള്‍ അപകടത്തിൽപ്പെട്ടാൽ ഇൻഷുറൻസ് ലഭിച്ചില്ലെങ്കിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ദുരിതത്തിലാകും. വിഷയം മന്ത്രി സജി ചെറിയാന്‍റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഫലമില്ല. അടുത്ത ദിവസം ജില്ലാ ഫ്ഷറീസ് ഓഫീസിൽ തൊഴിലാളികളെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.ഇതിലും തീരുമാനമായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കാനാണ് തീരുമാനം.