കേരളം
ബെവ്കോ ഔട്ട്ലെറ്റിലെ ജീവനക്കാരൻ 81.6 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പൊലീസ്
പത്തനംതിട്ട കൂടല്‍ ബെവ്കോ ഔട്ട്ലെറ്റിലെ ജീവനക്കാരൻ 81.6 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പൊലീസ്. പ്രതി ആയ ക്ലർക്ക് അരവിന്ദ് പണം ചെലവിട്ടത് ഓണ്‍ലൈന്‍ റമ്മി കളിക്ക് എന്നാണ് പൊലീസ് കണ്ടെത്തൽ. അരവിന്ദിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചു. അക്കൗണ്ടുകളില്‍ ബാക്കിയുളളത് 22.5 ലക്ഷം മാത്രമാണ്.
ചൂതാട്ടം വഴി പണം പോയത് യശ്വന്ത്പൂര്‍ സ്വദേശികളായ രണ്ട് പേരുടെ അക്കൗണ്ടുകളിലേക്ക്. ഒളിവിൽ പോയ പ്രതി അരവിന്ദിനെ കാണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പത്തനംതിട്ട കൂടലിൽ ബിവറേജസ് ജീവനക്കാരൻ 81 ലക്ഷം രൂപ കവർന്നതായി കഴിഞ്ഞ ദിവസമാണ് പരാതി ഉയർന്നത്.
ചില്ലറ വിൽപനശാല മാനേജറുടെ പരാതിയിൽ കൊല്ലം ശൂരനാട് സ്വദേശി അരവിന്ദിനെ പ്രതിയാക്കി കൂടൽ പൊലീസ് കേസ് എടുക്കുകയായിരുന്നു. 2023 ജൂൺ മുതൽ ആറ് മാസം കൊണ്ടാണ് ഇയാൾ ഇത്രയും ഭീമമായ തുകയിൽ തട്ടിപ്പ് നടത്തിയത്. ബാങ്കില്‍ അടയ്ക്കാന്‍ കൊടുത്തുവിട്ട പണത്തില്‍ ഒരു ഭാഗമാണ് അപഹരിച്ചത്. ആറ് മാസത്തിന് ശേഷമാണ് തട്ടിപ്പ് കണ്ടെത്തുന്നത്. എല്‍ ഡി ക്ലാര്‍ക്ക് ആയ അരവിന്ദ് ദിവസങ്ങളായി ജോലിക്കെത്തുന്നുണ്ടായിരുന്നില്ല.