കേരളം
കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ മത്സരാർത്ഥിക്ക് പരിക്ക്
കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ മത്സരാർത്ഥിക്ക് പരിക്ക്. പെരുമ്പാവൂർ തണ്ടേക്കാട് ജമാഅത്ത് എച്ച്എസ്എസിലെ വിദ്യാർത്ഥിയായ മുഹമ്മദ് ഫൈസലിനാണ് പരിക്കേറ്റത്. ട്രെയിനിൽ വെച്ചുണ്ടായ അപകടത്തിൽ ഫൈസലിൻ്റെ കാൽവിരലുകൾ ചതഞ്ഞരഞ്ഞു.
ഇന്ന് പുലർച്ചെ രണ്ടരയോടെ ശാസ്താംകോട്ടയിൽ വെച്ചായിരുന്നു അപകടം. ഹൈസ്കൂൾ വിഭാഗം വട്ടപ്പാട്ട് മത്സരത്തിൽ പുതുമണവാളനായി വേഷമിട്ട് എ ഗ്രേഡ് വാങ്ങി മടങ്ങുകയായിരുന്നു ഫൈസൽ. ഉറക്കത്തിനിടെ വാതിലിലൂടെ ട്രെയിനിൻ്റെ പുറത്തേക്കായ കാലുകൾ മരക്കൊമ്പിലോ പോസ്റ്റിലോ ഇടിച്ചാകാം അപകടമെന്ന് നിഗമനം.
ഫൈസലിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്.