കേരളം
ശബരിമലയില്‍ കൂടുതല്‍ പേര്‍ക്ക് ദര്‍ശനം: സര്‍ക്കാര്‍ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും
ശബരിമലയില്‍ കൂടുതല്‍ പേര്‍ക്ക് ദര്‍ശനം നടത്താനുള്ള തീരുമാനം തിങ്കളാഴ്ചയോടെ ഉണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍ വാസു പറഞ്ഞു. സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലകാലം ആരംഭിച്ച് 12 ദിവസത്തില്‍ 13,529 ഭക്തരാണ് അയ്യപ്പദര്‍ശനം നടത്തിയത്. വെര്‍ച്വല്‍ ക്യൂവിലൂടെ രജിസ്റ്റര്‍ ചെയ്തവരില്‍ കോവിഡ് നെഗറ്റീവായ 1000 ഭക്തരെ മാത്രമാണ് ഇപ്പോള്‍ ദര്‍ശനത്തിന് എത്തുന്നത്.
തീര്‍ഥാടനം തുടങ്ങിയ ശേഷം സന്നിധാനത്ത് ഇതുവരെ 37 കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തു. ദര്‍ശനം നടത്തിപ്പോയ ഭക്തര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രണ്ട് കോടിക്ക് താഴെയാണ് ഇതുവരെ വരുമാനം. സാധാരണ 50 കോടി വരെ ഉണ്ടാവുന്നതാണ്.
ശബരിമലയില്‍ സേവനം അനുഷ്ഠിക്കുന്ന വിവിധ വകുപ്പുകളിലെ സ്ഥിരം ജീവനക്കാരും താല്കാലിക ജീവനക്കാരും കോവിഡ് പ്രോട്ടോക്കോളില്‍ വീഴ്ച വരുത്തിയാല്‍ നടപടിയെടുക്കും. എല്ലാ ഭക്തര്‍ക്കും ഭക്ഷണം നല്‍കുന്നുണ്ട്.
രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ പരിശോധിക്കാനും പോസിറ്റീവാകുന്നവരെ ആശുപത്രിയിലേക്കോ വരുന്ന വാഹനങ്ങളില്‍ നാട്ടിലെത്തിക്കുന്നതിനോ സജ്ജീകരണമുണ്ടെന്നും അഡ്വ. എന്‍ വാസു പറഞ്ഞു.