കേരളം
ജസ്ന ഇപ്പോഴും കാണാമറയത്ത്; കേസ് അവസാനിപ്പിച്ചത് സാങ്കേതികത്വം മാത്രമെന്ന് ടോമിൻ തച്ചങ്കരി
പത്തനംതിട്ട മുക്കൂട്ട്തറയിൽ നിന്ന് ജസ്ന മരിയ ജയിംസിനെ കാണാതായിട്ട് അഞ്ച് കൊല്ലം കഴിഞ്ഞു. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും എങ്ങുമെത്താത്ത കേസ്. ഒടുവിൽ സിബിഐയും കൈയ്യൈഴിയുമ്പോൾ പ്രതീക്ഷ അവസാനിപ്പിക്കുന്നില്ല മുൻ ക്രൈം ബ്രാഞ്ച് മേധാവി. ജസ്നെയെ കുറിച്ച് വിവരം കിട്ടിയെന്ന തച്ചങ്കരിയുടെ മുൻ വെളിപ്പെടുത്തൽ വലിയ വിവാദമായിരുന്നു. സിബിഐ കേസ് അവസാനിപ്പിക്കുമ്പോഴും ഈ നിലപാടിൽ ഉറച്ചുനിൽക്കുന്നു തച്ചങ്കരി.
സിബിഐ അന്വേഷണം അവസാനിപ്പിച്ചെങ്കിലും ജസ്നയെ ഇനിയും കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മുൻ അന്വേഷണ ഉദ്യാഗസ്ഥൻ ടോമിൻ ജെ. തച്ചങ്കരി. കയ്യെത്തും ദൂരത്ത് ജസ്ന എത്തിയെന്ന് കരുതിയ സമയമുണ്ടായിരുന്ന വാദം മുൻ ഡിജിപി കൂടിയായ തച്ചങ്കരി ആവർത്തിച്ചു. കേസ് അവസാനിപ്പിച്ചത് സാങ്കേതികത്വം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം തുടക്കത്തിലെ അന്വേഷണം പാളിയത് കൊണ്ടാണ് ജസ്നയെ കണ്ടെത്താൻ കഴിയാത്തതെന്നാണ് അച്ഛൻ ജയിംസിന്റെ പ്രതികരണം.
കാണാതായതിൻറെ ആദ്യ ദിവസങ്ങളിൽ ലോക്കൽ പൊലീസ് അന്വേഷണം കാര്യക്ഷമമായില്ലെന്ന വിമർശനം സിബിഐ റിപ്പോർട്ടിലുണ്ട്. പക്ഷെ ഇപ്പോൾ പരസ്പരം പഴിചാരേണ്ട സമയമല്ലെന്നാണ് തച്ചങ്കരിയുടെ പ്രതികരണം. അതേ സമയം ആദ്യ ഘട്ടത്തിലെ അന്വേഷണത്തിലെ വീഴ്ചയെന്ന സിബിഐ നിലപാടാണ് ജസ്നയുടെ അച്ഛനുള്ളത്. ജസ്നയുടെ അച്ഛനേയും ആൺസുഹൃത്തിനേയും ശാസ്ത്രീയപരിശോധനക്കടക്കം വിധേയരാക്കിയെങ്കിലും ഒരു തെളിവും കിട്ടിയിരുന്നില്ല. പുതിയ തെളിവ് കിട്ടിയാൽ വീണ്ടും അന്വേഷണം തുടങ്ങുമെന്ന സിബിഐ നിലപാടിലാണ് കുടുംബത്തിൻറെ പ്രതീക്ഷ.