കേരളം
2024 ലെ വാര്‍ഷിക പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ച് പിഎസ് സി
ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എല്‍ഡിസി. ലാസ്റ്റ് ഗ്രേഡ് ഉള്‍പ്പെടെ 2024 ലെ വാര്‍ഷിക പരീക്ഷാ കലണ്ടര്‍ പിഎസ് സി പ്രസിദ്ധീകരിച്ചു. വിവിധ വകുപ്പുകളിലെ എല്‍ ഡി ക്ലര്‍ക്ക് തസ്തികയിലേക്ക് ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലും ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് തസ്തികയിലേക്ക് സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലും പരീക്ഷകള്‍ നടക്കും.
പൊലീസ് കോണ്‍സ്റ്റബിള്‍, വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍, പൊലീസ് കോണ്‍സ്റ്റബിള്‍ ( മൗണ്ട് പൊലീസ്), സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തികയിലേക്ക് മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലായും, വിദ്യാഭ്യാസ വകുപ്പില്‍ യുപി സ്‌കൂള്‍ ടീച്ചര്‍ തസ്തികയിലേക്ക് ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയും, എല്‍പി സ്‌കൂള്‍ ടീച്ചര്‍ തസ്തികയിലേക്ക് ജൂലൈ മുതല്‍ സെപ്തംബര്‍ വരെ മാസങ്ങളിലായും ഒന്നര മണിക്കൂര്‍ ദൗര്‍ഘ്യമുള്ള ഒഎംആര്‍ പരീക്ഷകള്‍ നടത്തും.
ഇവയ്ക്ക് പ്രാഥമിക പരീക്ഷകള്‍ ഉണ്ടായിരിക്കില്ല. ബിരുദം അടിസ്ഥാന യോഗ്യതയായുള്ള തസ്തികകള്‍ക്ക് പൊതു പ്രാഥമിക പരീക്ഷയും മുഖ്യ പരീക്ഷയും നടക്കും. കേരള ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, സബ് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയ തസ്തികകളില്‍ ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ പൊതു പ്രാഥമിക പരീക്ഷ നടക്കും. ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് മുഖ്യപരീക്ഷ നടക്കുക.