കേരളം
സ്വദേശം മലേഷ്യ, ജോലി പ്രാഗിൽ; ഓണ്‍ലൈനായി ഭരതനാട്യം പഠിച്ച ഡോക്ടർ സഹോദരിമാരുടെ അരങ്ങേറ്റം കൊച്ചിയിൽ
ശ്രീലങ്കയിൽ ജനിച്ച് മലേഷ്യയിൽ വളർന്ന് പ്രാഗിൽ ജോലിയെടുക്കുന്ന രണ്ട് സഹോദരിമാരുടെ നൃത്ത അരങ്ങേറ്റം ഇന്ന് കൊച്ചിയിൽ നടക്കും. നർത്തകി ഉത്തര ഉണ്ണിയുടെ ശിഷ്യരായ രണ്ട് പേരാണ് ഓൺലൈൻ വഴി നൃത്ത പരിശീലനം നേടി ഭരതനാട്യം അരങ്ങിലെത്തിക്കുന്നത്. വൈകീട്ട് ആറ് മണിക്ക് കൊച്ചി ടൗൺഹാളിലാണ് ഡോക്ടർമാരായ സഹോദരിമാരുടെ പരിപാടി.
ഷാലിനി ഡോൺ കഹ്ത പേട്ടിയ, ഉപ്ഷര ഡോൺ കഹ്ത പേട്ടിയ. ഇരുവരും ഡോക്ടർമാർ. ഇൻസ്റ്റഗ്രാമിലൂടെയാണ് ഉത്തര ഉണ്ണിയുടെ നൃത്തചുവടുകൾ ശ്രദ്ധയിൽപ്പെട്ടത്. കൊവിഡ് കാലത്ത് തുടങ്ങിയ ഓൺലൈൻ നൃത്ത പഠനം 4 വർഷം പൂർത്തിയാക്കി അരങ്ങിലെത്തുന്നു. പത്ത് ദിവസം ഗുരുവിനെ നേരിൽ കണ്ട് ചുവടുകൾ ഉറപ്പിച്ചു. ഇനി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ അരങ്ങിലേക്ക്.
രണ്ട് മണിക്കൂർ നീളുന്ന നൃത്തമാണ് അരങ്ങിലെത്തിക്കുന്നത്. 5 ആം വയസ്സിൽ കണങ്കാലിലെ എല്ലുകൾക്ക് വരുന്ന അണുബാധ ഷാലിനിയുടെ ചലനശേഷി നഷ്ടപ്പെടുത്തിയതാണ്. ശസ്ത്രക്രിയയിലൂടെ രോഗാവസ്ഥ അതിജീവിച്ചാണ് അനിയത്തിക്കൊപ്പം ഷാലിനി നൃത്തം നെഞ്ചിലേറ്റിയത്. ശിഷ്യരെപ്പറ്റി തികഞ്ഞ സംതൃപ്തിയാണ് ഗുരു ഉത്തര ഉണ്ണിക്ക്. ഓൺലൈൻ കാലം പുതിയ സാധ്യതകൾ തുറന്നിട്ടതിന്‍റെ സന്തോഷവും.
പ്രാഗിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള പുസ്തകങ്ങൾ എഴുതുന്ന ജോലിയിലാണ് ഷാലിനിയും ഉപ്ഷരയും. ഡോക്ടർ ജോലിയിലേക്ക് കടക്കണം. ഒപ്പം യൂറോപ്പിലെ വിവിധ വേദികളിലും നൃത്തചുവടുകളുമായി സജീവമാകണം. ഉറച്ച ചുവടുകളുമായാണ് കൊച്ചിയിൽ നിന്ന് ഈ സഹോദരിമാര്‍ മടങ്ങുക.