കേരളം
കേരളത്തിലെ ഏറ്റവും സുരക്ഷിത നഗരം കോഴിക്കോട്; ഇന്ത്യയിലെ പട്ടികയിൽ പത്താം സ്ഥാനം
യുനെസ്‌കോയുടെ സാഹിത്യ നഗരം പദവിക്ക് ശേഷം പുതിയ നേട്ടവുമായി കോഴിക്കോട്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനം സ്വന്തമാക്കി കോഴിക്കോട്. ആദ്യ പത്തിലുള്ള കേരളത്തിലെ ഏക നഗരവും കോഴിക്കോടാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഓരോ നിമിഷവും ആഘോഷമാക്കുന്ന കോഴിക്കോട്ടുകാർക്ക് ഇതാ മറ്റൊരു അംഗീകാരം കൂടി.ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ 10 നഗരങ്ങളുടെ പട്ടികയിലാണ് കോഴിക്കോട് ഇടം പിടിച്ചിരിക്കുന്നത്.നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോയാണ് വിവരം പുറത്ത് വിട്ടത്.
ഈ പട്ടികയിൽ ആദ്യ പത്തിലുള്ള കേരളത്തിലെ ഏകനഗരവും കോഴിക്കോടാണ്. നഗരങ്ങളിലെ ജനസംഖ്യ അടിസ്ഥാനപ്പെടുത്തി എത്ര കുറ്റകൃത്യമുണ്ട് എന്ന് നോക്കിയാണ് എൻ.സി.ആർ.ബി ഈ പട്ടിക തയ്യാറാക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമവും മറ്റ് പ്രത്യേക നിയമങ്ങളും പ്രകാരമുള്ള കേസുകളാണ് ഇതിന് അടിസ്ഥാനമാക്കുന്നത്.
ആദ്യ പത്തു സുരക്ഷിത നഗരങ്ങളിൽ പകുതിയും ദക്ഷിണേന്ത്യയിലാണ്. കൊൽക്കത്തയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.രണ്ടാം സ്ഥാനത്ത് ചെന്നൈയും മൂന്നാം സ്ഥാനത്ത് കോയമ്പത്തൂരുമാണ്. കോഴിക്കോട് കോർപ്പറേഷന്റെ 61 പിറന്നാൾ ദിവസമായ കേരള പിറവി ദിനത്തിലാണ് ചരിത്ര നഗരമായ കോഴിക്കോടിന് യുനസ്‌കോയുടെ സാഹിത്യ നഗരമെന്ന പദവി ലഭിച്ചത്.