കേരളം
പനികള്‍ക്കെതിരെ ജാഗ്രത ; ‘സ്വയം ചികിത്സ ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ്
പനി, ജലദോഷം ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍. പനി ലക്ഷണങ്ങള്‍ കണ്ടാല്‍ എലിപ്പനിയോ ഡെങ്കിപ്പനിയോ മറ്റ് വൈറല്‍ പനികളോ ഏതുമാവാം. സ്വയം ചികിത്സ ഒഴിവാക്കി യഥാസമയം ചികിത്സ തേടേണ്ടതാണ്.
പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ മാസ്‌ക് ഉപയോഗിക്കുന്നതും മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നതും രോഗവ്യാപനം തടയുന്നതിന് സഹായിക്കും. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉള്ളവരും പ്രായമായവരും ഗര്‍ഭിണികളും മറ്റ് ഗുരുതരരോഗങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ 11,077 സംശയാസ്പദമായ ഡെങ്കിപ്പനി കേസുകളും സ്ഥിരീകരിച്ച 3,478 ഡെങ്കിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഈ വര്‍ഷം ഡെങ്കിപ്പനി സംശയിക്കുന്ന 24 മരണങ്ങളും സ്ഥിരീകരിച്ച നാല് ഡെങ്കിപ്പനി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ചയില്‍ കൊച്ചിന്‍ കോര്‍പറേഷനില്‍ 222 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കലൂര്‍(22) ,ഇടപ്പിള്ളി(17) ,കടവന്ത്ര(12), മട്ടാഞ്ചേരി(10), കൂത്തപാടി(10), പൊന്നുരുന്നി(6), മങ്ങാട്ടുമുക്ക്(6) എന്നീ സ്ഥലങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കളമശ്ശേരി(13), തൃക്കാക്കര(7), മരട്(6) എന്നീ നഗരസഭ പ്രദേശങ്ങളിലാണ് കഴിഞ്ഞ ആഴ്ചകളില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചേരാനെല്ലൂര്‍ (7), എടത്തല (6), കടുങ്ങല്ലൂര്‍ (8), എന്നീ പഞ്ചായത്തുകളിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.