കേരളം
ദുരിതമനുഭവിക്കുന്ന ചെന്നൈ നിവാസികളെ ചേര്‍ത്ത് നിര്‍ത്തണം ; സ്റ്റാലിനുമായി സംസാരിച്ചെന്ന് മുഖ്യമന്ത്രി
ചെന്നൈയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി സംസാരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതമനുഭവിക്കുന്ന ചെന്നൈ നിവാസികളെ നമുക്ക് ചേര്‍ത്ത് നിര്‍ത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസിന്റെ ഭാഗമായി തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചെന്നൈയില്‍ സാധാരണത്തേതില്‍ ഇത്തവണ പത്തിരട്ടിയലധികമാണ് മഴ ലഭിച്ചത്. മരണസംഖ്യ അഞ്ചായി എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ചെന്നൈ നിവാസികളെ നമുക്ക് ചേര്‍ത്ത് നിര്‍ത്തേണ്ടതുണ്ട്.
പ്രത്യേകമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ആവശ്യമില്ലെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞത്. അവിടെ 5000 ലധികം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ജീവന്‍ രക്ഷാ മരുന്നുകള്‍ ഉള്‍പ്പടെ എല്ലാ സഹായവും എത്തിക്കുന്നതിന് നടപടികള്‍ അവര്‍ സ്വീകരിക്കുന്നുണ്ട്. എന്തെങ്കിലും ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെങ്കില്‍ അത് നമ്മള്‍ ചെയ്യേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മിഷോങ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായതോടെ തമിഴ്‌നാട്ടിലും ആന്ധ്രയിലും അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്. തമിഴ്നാട്ടില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം എട്ടായി.
ചെന്നൈ- ഹൈദരബാദ് ദേശീയപാതയില്‍ വെള്ളം കയറി. ആന്ധ്രയിലെ സൂളുര്‍പെട്ടിയില്‍ പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ആന്ധ്രയില്‍ അതിതീവ്ര മഴകണക്കിലെടുത്ത് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുപ്പതി, നെല്ലൂര്‍, പ്രകാശ, ബാപട്ല, കൃഷ്ണ, വെസ്റ്റ് ഗോദാവരി, കൊനസീമ, കാക്കിനട ജില്ലകളിലാണ് റെഡ് അലര്‍ട്ട്് പ്രഖ്യാപിച്ചത്. സ്‌കൂളുകള്‍ക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ചെന്നൈയില്‍ മഴയ്ക്ക് നേരിയ ശമനമുണ്ട്. മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു. നഗരത്തില്‍ കടകള്‍ തുറന്നിട്ടുണ്ട്.162 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പെട്ട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി.