കേരളം
ബിനീഷിനെതിരായ കേസ് റദ്ദാക്കണമെന്ന ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി
കള്ളപ്പണം വെളുപ്പിക്കല്‍ കേസ് റദ്ദാക്കണമെന്ന ബിനീഷ് കോടിയേരിയുടെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ച് നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
മയക്കുമരുന്ന് കേസില്‍ ബിനീഷിനെ അറസ്റ്റ് ചെയ്തതിനെതിരെ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
നേരത്തെ നവംബര്‍ 18ന് കേസ് പരിഗണിച്ചിരുന്നെങ്കിലും തുടര്‍വാദം ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. മൂന്നുമണിയോടെ കേസ് പരിഗണിക്കും. ബിനീഷിന്റെ വാദമാണ് ഇന്നും തുടരുക.
ബിനീഷിനെതിരെ കൂടുതല്‍ തെളിവുകള്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഇ.ഡി ബംഗളൂരു സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും.
കഴിഞ്ഞ ദിവസങ്ങളില്‍ ബിനീഷിന്റെ ബിനാമികളെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച നിര്‍ണായക വിവരങ്ങളും കോടതിയെ അറിയിച്ചേക്കും.
ബിനാമികളെന്ന് സംശയിക്കുന്നവരോടൊപ്പം ഇരുത്തി ബിനീഷിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് ഇ.ഡി നേരത്തെ കോടതിയെ അറിയിച്ചിട്ടുള്ളത്.
നിലവില്‍ പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡിലാണ് ബിനീഷ് കോടിയേരി.
ബിനീഷ് കോടിയേരി, ഭാര്യ റനീറ്റ, ബിനീഷിന്റെ സുഹൃത്തും ബിനിനസ്സ് പങ്കാളിയുമായ അനൂപ് മുഹമ്മദ് എന്നിവരുടെ സ്വത്തുവിവരങ്ങള്‍ ആവശ്യപ്പെട്ട് രജിസ്ട്രേഷന് ഐ.ജിക്ക് ബംഗളൂരു എന്‍ഫോഴ്സ്മെന്റ് കത്ത് നല്‍കിയിട്ടുണ്ട്.