കേരളം
വ്യാജ നമ്പര്‍ പ്ലേറ്റ് നിര്‍മിച്ചവരെ കണ്ടെത്തണം; ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊതുജന സഹായം തേടി പൊലീസ്
ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കാറിന്റെ നമ്പര്‍പ്ലേറ്റ് നിര്‍മിച്ചവരെ കണ്ടെത്താന്‍ സഹായം തേടി കൊല്ലം റൂറല്‍ പൊലീസ്. KL-04 AF 3239എന്ന നമ്പര്‍ നിര്‍മിച്ച സ്ഥാപനങ്ങള്‍ പൊലീസിനെ ബന്ധപ്പെടണമെന്നാണ് അറിയിപ്പ്.
പൊലീസിനെ ബന്ധപ്പെടാനായി 9497980211 എന്ന ഫോണ്‍നമ്പറും കൊല്ലം റൂറല്‍ പോലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുദിവസമായിട്ടും പ്രതികളെക്കുറിച്ച് കാര്യമായവിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഈ ഘട്ടത്തിലാണ് നമ്പര്‍പ്ലേറ്റ് നിര്‍മിച്ചവരെ കണ്ടെത്താന്‍ പൊലീസ് സഹായം തേടിയത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറില്‍ ഉപയോഗിച്ചിരുന്ന KL-04 AF 3239 നമ്പര്‍പ്ലേറ്റ് വ്യാജമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. യഥാര്‍ഥത്തില്‍ ഈ നമ്പര്‍ മലപ്പുറം സ്വദേശിയുടെ വാഹനത്തിന്റേതാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം ഈ നമ്പര്‍ വ്യാജമായി നിര്‍മിച്ചെടുത്ത് തങ്ങളുടെ കാറില്‍ ഉപയോഗിക്കുകയായിരുന്നുവെന്നാണ് നിഗമനം. നവംബര്‍ 27ന് വൈകിട്ടാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.