കേരളം
കുസാറ്റ് ദുരന്തത്തിൽ വിസിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കളമശ്ശേരി പൊലീസിന് പരാതി
നാല് പേരുടെ മരണത്തിന് ഇടയാക്കിയ കുസാറ്റ് ദുരന്തത്തിൽ വിസിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കളമശ്ശേരി പൊലീസിന് പരാതി. അപകടത്തിന് ഉത്തരവാദി കൃത്യമായ സുരക്ഷ ഒരുക്കാത്ത കുസാറ്റ് വിസിയാണെന്നും കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയിലെ അഭിഭാഷകനായ സുഭാഷ് എം കളമശ്ശേരി പൊലീസിന് പരാതി നൽകിയത്.
പൊലീസിന്റെ അനുമതിയില്ലാതെ സുരക്ഷയൊരുക്കാതെയാണ് പരിപാടി നടത്താൻ വിസി അനുമതി നൽകിയത്. അതിനാൽ അപകടത്തിനും നാല് പേരുടെ മരണത്തിനും ഉത്തരവാദികൾ വൈസ് ചാൻസിലറടക്കം കുസാറ്റ് അധികൃതരാണ്. ഇവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.
അതിനിടെ, കുസാറ്റിൽ മരിച്ച നാല് പേരുടെയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. മരണകാരണം ശ്വാസം മുട്ടിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ശ്വാസകോശത്തിന് പരിക്കേറ്റ് ശ്വാസതടസമുണ്ടായി. മരിച്ച 4 പേരുടേയും കഴുത്തിലും നെഞ്ചിലും പരിക്കേറ്റതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.