കേരളം
ജയിലുദ്യോഗസ്ഥർ ചൂടുവെള്ളമൊഴിച്ച് പൊളിച്ചെന്ന് പരാതിപ്പെട്ടത് മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ട് അറസ്റ്റിലായ ആൾ
തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ വച്ച് ജയിൽ ഉദ്യോഗസ്ഥരുടെ പീഡനത്തിന് ഇരയായെന്ന് പരാതിപ്പെട്ടത് മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടതിന് അറസ്റ്റിലായ പ്രതി. തുമ്പ സ്വദേശി ലിയോണിയാണ് ഷർട്ട് ധരിക്കാതെ കോടതി മുറിയിലെത്തി പൊള്ളിയ പാടുകൾ ജഡ്ജിയെ കാട്ടിയത്. ഉദ്യോഗസ്ഥർ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചെന്നായിരുന്നു ലിയോൺ ജോൺസന്റെ പരാതി. ഈ മാസം പത്തിന് ജയിലിലെ വാച്ച് ടവറിന് ഉള്ളിൽ വച്ച് മൂന്ന് ഉദ്യോഗസ്ഥർ ചേർന്ന് മർദ്ദിച്ച ശേഷം തിളച്ച വെള്ളമൊഴിച്ചെന്നാണ് ഇയാൾ കോടതിയോട് പറഞ്ഞത്.
സാരമായി പരിക്കേറ്റ തനിക്ക് ചികിത്സ നൽകാൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഇത് സംബന്ധിച്ച് ലിയോൺ പരാതി നൽകിയിട്ടുണ്ട്. റിമാന്റ് തടവുകാരനാണ് ലിയോൺ ജോൺസൺ. മുഖ്യമന്ത്രിക്കെതിരെ മോശം പരാമർശം നടത്തി ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനാണ് തുമ്പ സ്വദേശി ലിയോണിനെ ആദ്യം അറസ്റ്റ് ചെയ്യുന്നത്. ലഹരി കേസുള്‍പ്പെടെ മറ്റ് കേസുകളിൽ ഇയാൾക്കെതിരെ വാറണ്ടുണ്ടായിരുന്നു. ഈ കേസുകളിൽ ജാമ്യം ലഭിക്കാതെ ലിയോണ്‍ ജയിലിൽ കഴിയുകയാണ്. ഇതിനിടെയാണ് പരാതിക്കാധാരമായ സംഭവം നടക്കുന്നത്.
റിമാൻഡ് കാലാവാധി പൂർത്തിയായതോടെ കോടതിയിൽ ലിയോണിനെ ഹാജരാക്കിയപ്പോഴാണ് മർദ്ദനമേറ്റെന്നും ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചെന്നും ഇയാൾ പരാതിപ്പെട്ടത്. സംഭവത്തിൽ ജയിൽ സൂപ്രണ്ടിനോട് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടു. എന്നാൽ ആരോപണം തെറ്റാണെന്ന് ജയിൽ സൂപ്രണ്ട് സത്യരാജ് പ്രതികരിച്ചു. ജയിലിൽ വച്ച് ഒരു തടവുകാരന്റെ കൈയ്യിൽ നിന്നും മയക്കുമരുന്ന് പൊലീസ് പിടികൂടിയിരുന്നു. ഇത് ലിയോൺ നൽകിയതെന്നായിരുന്നു ഇയാളുടെ മൊഴി. ഇത് പ്രകാരം ലിയോണിനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചു. ചോദ്യം ചെയ്യുന്നതിനിടെ മുറിയിൽ അലമാരയുടെ മുകളിൽ വച്ചിരുന്ന ചൂട് വെള്ളം ലിയോണിന്റെ കൈ തട്ടി വീണതായിരുന്നുവെന്നും ഉദ്യോഗസ്ഥർ ഒഴിച്ചതല്ലെന്നും സത്യരാജ് വിശദീകരിച്ചു.