കേരളം
വിയ്യൂര്‍ ജയിലില്‍ സംഘര്‍ഷം; കൊടി സുനിയുടെ നേതൃത്വത്തില്‍ ജീവനക്കാരെ ആക്രമിച്ചു
വിയ്യൂർ അതിസുരക്ഷാ ജയിലിൽ സംഘർഷം. ടിപി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും വിയ്യൂര്‍ ജയിലിലെ ജീവനക്കാരുമായുള്ള തർക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ആക്രമണത്തില്‍ മൂന്ന് ജയില്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വിയ്യൂര്‍ ജയിലില്‍ സംഘര്‍ഷം ഉണ്ടാവുന്നത്. കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘം ജയില്‍ ഓഫീസില്‍ എത്തി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പിവടി അടക്കമുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം എന്നാണ് വിവരം. ഏതോ വിഷയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് സൂചന.
ഇത് ചോദ്യം ചെയ്യാന്‍ കൊടി സുനിയുടെ നേതൃത്വത്തില്‍ തടവുകാര്‍ ജയില്‍ ഓഫീസില്‍ എത്തുകയായിരുന്നു. ഈസമയത്ത് മൂന്ന് ഓഫീസര്‍മാരാണ് ഓഫീസില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് നേരെ സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. ഓഫീസിലെ ഫര്‍ണീച്ചര്‍ അടക്കം നശിപ്പിച്ചു. പരിക്കേറ്റ മൂന്ന് ജയില്‍ ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജില്ലാ ജയിലിലെ ഉദ്യോഗസ്ഥര്‍ കൂടി എത്തിയ ശേഷമാണ് സംഘര്‍ഷം അവസാനിപ്പിച്ചത്.