കേരളം
തിരുവനന്തപുരത്ത് ഓട്ടോറിക്ഷ യാത്രക്കാരിയായ യുവതിയെ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചു; പ്രതി പിടിയിൽ
തിരുവനന്തപുരം നഗരത്തിൽ വീണ്ടും യുവതിക്ക് നേരെ അതിക്രമം. ഓട്ടോറിക്ഷ യാത്രക്കാരിയായ യുവതിയെ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചു. അട്ടക്കുളങ്ങരയിൽ നിന്ന് മുട്ടത്തറയിലേക്കുള്ള യാത്രക്കിടെയായിരുന്നു അതിക്രമം. പ്രതി മുഹമ്മദ് ജിജാസിനെ പൊലീസ് പിടികൂടി
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11 മണിക്കായിരുന്നു സംഭവം. അട്ടക്കുളങ്ങരയിൽ നിന്ന് മുട്ടത്തറയിലെ വീട്ടിലേക്കാണ് യുവതി ഓട്ടോറിക്ഷ വിളിച്ചത്. യാത്രക്കിടെ ഡ്രൈവർ മുഹമ്മദ് ജിജാസ് ആളൊഴിഞ്ഞ ഒരിടത്ത് ഓട്ടോ നിർത്തി. തുടർന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയും ബലാത്സംഗ ശ്രമം നടത്തുകയും ചെയ്തു. ജിജാസിൽ നിന്ന് രക്ഷപെട്ട യുവതി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പിന്നാലെ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസിനെ പിടികൂടിയത്.
കഴിഞ്ഞ ആഴ്ചയാണ് നഗരത്തിൽ മാധ്യമ പ്രവർത്തകക്ക് നേരെ അതിക്രമം ഉണ്ടായത്. തലസ്ഥാന നഗരത്തിൽ തുടർച്ചയായി ഉണ്ടാകുന്ന അതിക്രമ സംഭവങ്ങളിൽ പൊലീസ് കാര്യക്ഷമമായ ഇടപെടൽ നടത്തുന്നില്ല എന്നാണ് ആക്ഷേപം.