കേരളം
മലക്കപ്പാറയിൽ പിഞ്ചുകുഞ്ഞിന് ആംബുലൻസ് വിട്ടുനൽകാത്ത സംഭവം; കേസെടുത്ത് ബാലാവകാശ കമ്മീഷൻ
മലക്കപ്പാറയിൽ ജിപിഎസ് പ്രവർത്തിക്കാത്തതിനാൽ പിഞ്ചുകുഞ്ഞിന് ആംബുലൻസ് വിട്ടുനൽകിയില്ലെന്ന സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. അതിരപ്പള്ളി പഞ്ചായത്ത് സെക്രട്ടറിയോടും ട്രൈബൽ ഓഫീസറോടും ജില്ലാ പ്രൊട്ടക്ഷൻ ഓഫീസറോടും വിഷയത്തിൽ റിപ്പോർട്ട് തേടി. വീരാൻകുടി ഊരിലെ ആറുമാസം പ്രായമുള്ള അപസ്മാരം ബാധിച്ച കുഞ്ഞിനാണ് ആംബുലൻസ് കിട്ടാതെ രണ്ടര മണിക്കൂർ അവശനിലയിൽ ആശുപത്രിയിൽ കിടക്കേണ്ടി വന്നത്.
രാമനാഥൻ ശോഭന ദമ്പതികളുടെ അപസ്മാരം ബാധിച്ച ആറുമാസം പ്രായമുള്ള അർച്ചന എന്ന കുഞ്ഞിനെ കാനനപാത താണ്ടിയാണ് മലക്കപ്പാറയിലെ റോഡരികിൽ എത്തിച്ചത്. ആ സമയം ട്രൈബൽ ആശുപത്രിയിൽ ഡോക്ടർമാർ ഉണ്ടായിരുന്നില്ല. പിന്നാലെ ടാറ്റ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും കുട്ടി അവശനിലയിലായി. ചാലക്കുടിയിലെ താലൂക്ക് ആശുപത്രിയിലേക്ക് അടിയന്തരമായി കുട്ടിയെ മാറ്റാൻ നിർദ്ദേശിച്ചു.
തുടർന്ന് ആദിവാസി വിഭാഗങ്ങൾക്കായി ട്രൈബൽ ആശുപത്രിയിൽ ഉള്ള ആംബുലൻസ് ആവശ്യപ്പെട്ടെങ്കിലും ജിപിഎസ് പ്രവർത്തിക്കുന്നില്ലെന്ന് പറഞ്ഞ് വന്നില്ലെന്നായിരുന്നു കുടുംബത്തിൻറെ പരാതി. കുഞ്ഞിനെ പിന്നീട് ടാക്സിയിൽ തമിഴ്നാട്ടിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഈ സംഭവത്തിലാണ് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ സ്വമേധയാ കേസെടുത്തത്. വിഷയത്തിൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിക്ക് ശുപാർശ ചെയ്യാനാണ് ബാലാവകാശ കമ്മീഷൻ നീക്കം.