കേരളം
‘സുരേഷ് ഗോപിയുടെ പെരുമാറ്റം അങ്ങേയറ്റം അപലപനീയം; പെരുമാറിയത് ഫ്യൂഡൽ മേലാള ബോധത്തിൽ’; മന്ത്രി ആർ ബിന്ദു
മാധ്യമപ്രവർത്തകക്ക് നേരെയുള്ള സുരേഷ് ഗോപിയുടെ പെരുമാറ്റം അപലപനീയമെന്ന് മന്ത്രി ആർ ബിന്ദു. ഫ്യൂഡൽ മേലാളബോധത്തിലാണ് സുരേഷ് ഗോപി പെരുമാറിയതെന്നും മന്ത്രി വിമർശിച്ചു. സ്ത്രീത്വത്തോടുള്ള നിന്ദയോട് ആത്മാഭിമാനത്തോടെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്കൊപ്പമാണ്. കാലഹരണപ്പെട്ട മൂല്യബോധമാണ് സുരേഷ് ഗോപിയുടെ മനസ്സിൽ അടിഞ്ഞുകൂടി കിടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയത് ഒട്ടും ദുരുദ്ദേശപരമല്ലാത്ത ഒരു നടപടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് പരസ്യമായി ക്ഷമ പറഞ്ഞു. വിവാദം അവസാനിപ്പിക്കണമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ഒട്ടും ദുരുദ്ദേശപരമല്ലാത്ത നടപടിയായിട്ടും മനോവിഷമമുണ്ടായ സഹോദരിയോട് സുരേഷ് ഗോപി പരസ്യമായി ക്ഷമ പറഞ്ഞുകഴിഞ്ഞു. ഇനിയെങ്കിലും ഈ വിവാദം അവസാനിപ്പിക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നുവെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.