കേരളം
ഇരട്ട സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേരെ കാപ്പ ചുമത്തി നാടുകടത്തി; നിരവധി കേസുകളെന്ന് പൊലീസ്
ആലപ്പുഴ കരീലക്കുളങ്ങരയിൽ കാപ്പാ നിയമപ്രകാരം ഒരുവീട്ടിലെ സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേരെ നാടു കടത്തി. കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ചിങ്ങോലി അമ്പാടിയിൽ വീട്ടിൽ ഇരട്ട സഹോദരങ്ങളായ അച്ചുരാജ് (21), അമ്പാടി (21), ചിങ്ങോലി അയ്യങ്കാട്ടിൽ വീട്ടിൽ അഭിജിത്ത് (20) എന്നിവരെയാണ് നാടുകടത്തിയത്.
ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ആറ് മാസ കാലയളവിലേക്ക് പ്രവേശിക്കുന്നത് ഇവരെ തടഞ്ഞുകൊണ്ടാണ് ഉത്തരവായിരിക്കുന്നത്. കരീലക്കുളങ്ങര, തൃക്കുന്നപ്പുഴ, പോലീസ് സ്റ്റേഷൻ പരിധികളിൽ ഒട്ടനവധി ക്രിമിനൽ കേസ്സുകളിൽ ഇവര്‍ പ്രതികളാണെന്ന് പൊലീസ് പറയുന്നു.
വയനാട്ടില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമ പ്രകാരം നാടുകടത്തി. കല്‍പ്പറ്റ പെരുന്തട്ട സ്വദേശി നിയാസിനെതിരെയാണ് (26) കാപ്പ ചുമത്തിയത്. ഒരു വര്‍ഷത്തേക്ക് വയനാട് ജില്ലയിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി.
ജില്ലാ പൊലീസ് മേധാവി പദം സിങ് ഐ പി എസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചാല്‍ റിമാന്‍ഡ് ചെയ്യുന്നത് അടക്കമുള്ള നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി എട്ടോളം കേസുകളില്‍ പ്രതിയാണ് നിയാസ്. കവര്‍ച്ച, ദേഹോപദ്രവം, എന്‍ ഡി പി എസ് ഉള്‍പ്പെടെയുള്ള കേസുകളിലാണ് ഇയാള്‍ പ്രതിയായിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കി.
തൃശൂരിലും നിരവധി ക്രിമിനൽ കേസുകളില്‍ പ്രതിയായ മറ്റൊരു യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. തൃശൂര്‍ തെക്കുംകര വില്ലേജ് പനങ്ങാട്ടുകര കോണിപറമ്പിൽ വീട്ടിൽ സുമേഷിനെ ആണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കു മരുന്നുകളുടെ വിൽപന നടത്തിയതിനും തട്ടിക്കൊണ്ടു പോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി പണം അപഹരിച്ചതിനും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനുമാണ് നടപടി.
വടക്കാഞ്ചേരി, എരുമപ്പെട്ടി, കളമശ്ശേരി എന്നീ പൊലീസ് സ്റ്റേഷനുകളിലും, വടക്കാഞ്ചേരി എക്സൈസ് റെയ്ഞ്ച് ഓഫീസിലും സുമേഷിനെതിരെ കേസുകൾ നിലവിലുണ്ട്. പൊതുസമാധാനത്തിനും, പൊതുജനാരോഗ്യത്തിനും ഭീഷണി ഉണ്ടാക്കുന്ന സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങള്‍ തടയുന്നതിനായി പൊലീസ് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തൃശൂർ സിറ്റി ജില്ലാ പൊലീസ് മേധാവി അങ്കിത് അശോകന്റെ റിപ്പോർട്ട് പ്രകാരം ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ, യുവാവിനെ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവിടുകയായിരുന്നു.