കേരളം
സാമ്പത്തിക പ്രതിസന്ധി; സ്ഥലവും സ്ഥാപനങ്ങളും വിൽക്കാനൊരുങ്ങി തിരുവമ്പാടി ദേവസ്വം
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്ഥലവും സ്ഥാപനങ്ങളും വിൽക്കാൻ തീരുമാനിച്ച് തിരുവമ്പാടി ദേവസ്വം. ഇത് സംബന്ധിച്ച് കൊച്ചിൻ ദേവസ്വം ബോർഡിന് അപേക്ഷ നൽകി. 78 കോടി രൂപയുടെ കടബാധ്യത തിരുവമ്പാടി ദേവസ്വത്തിനുള്ളതായി കണക്കുകൾ വ്യക്തമാക്കുന്നു.
തിരുവമ്പാടി ദേവസത്തിന് കീഴിലുള്ള മൂന്നു പ്രധാന സ്ഥലങ്ങളാണ് വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. പ്രതിസന്ധി പരിഹരിക്കുന്നതിനായി ദേവസ്വം നിയോഗിച്ച സാമ്പത്തിക വിദഗ്ധ സമിതിയാണ് സ്ഥലവും സ്ഥാപനങ്ങളും വിൽക്കാൻ നിർദേശിച്ചത്. എന്നാൽ ദേവസ്വത്തിന്റെ കൃത്യമല്ലാത്ത നടത്തിപ്പ് കൊണ്ടാണ് കോടികളുടെ കടബാധ്യത ഉണ്ടായതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.
വടക്കാഞ്ചേരിയിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്ന ഉല്ലാസ് ആണ് ദേവസ്വത്തിന്റെ പരിധിയിലുള്ള മാരാർ റോഡിലെ നന്ദനം കൺവെൻഷൻ സെന്റർ വാടകയ്ക്കെടുത്ത് നടത്തിയിരുന്നത്. കൃത്യമായി വാടക കൊടുക്കാതിരുന്ന ഉല്ലാസിനെതിരെ നടപടിയെടുക്കാൻ തിരുവമ്പാടി ദേവസ്വം വൈകിയതായും നാട്ടുകാർ ആക്ഷേപിച്ചു. തിരുവമ്പാടി ദേവസ്വത്തിന്റെ കത്തിന് കൊച്ചിൻ ദേവസ്വം ബോർഡ് ഇതുവരെ മറുപടി നൽകിയിട്ടില്ല.