കേരളം
തിരുവനന്തപുരത്ത് രണ്ട് നദികളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്; തീരപ്രദേശത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം
കനത്തമഴയെ തുടര്‍ന്ന് വെള്ളം കയറി ദുരിതം നേരിട്ട തിരുവനന്തപുരത്ത് രണ്ട് നദികളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്. നെയ്യാര്‍ നദിയിലെ (തിരുവനന്തപുരം) അരുവിപ്പുറം സ്റ്റേഷനില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും കരമന നദിയിലെ (തിരുവനന്തപുരം) വെള്ളൈകടവ് സ്റ്റേഷനില്‍ മഞ്ഞ അലര്‍ട്ടും കേന്ദ്ര ജല കമ്മീഷന്‍ പ്രഖ്യാപിച്ചു. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അതിനിടെ രണ്ടുദിവസമായി തലസ്ഥാനത്ത് പെയ്ത കനത്തമഴയ്ക്ക് ശമനം. ശനിയാഴ്ച രാത്രി മുതല്‍ ആരംഭിച്ച മഴയില്‍ വെള്ളം കയറിയ ഭാഗങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങി തുടങ്ങി. കരകവിഞ്ഞ് ഒഴുകിയ പാര്‍വതി പുത്തനാറില്‍ ജലനിരപ്പ് താഴ്ന്നു.
21 ദുരിതാശ്വാസ ക്യാമ്പുകളാണ് തിരുവനന്തപുരത്തു തുറന്നത്. ആയിരത്തോളം പേര്‍ ഈ ക്യാമ്പുകളിലേക്ക് മാറിയിരുന്നു. ഇന്നലെ രാത്രിയോടെ മഴ ശമിച്ചതാണ് ആശ്വാസമായത്. അതേസമയം, തിരുവനന്തപുരം ജില്ലയില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. യെല്ലോ അലര്‍ട്ടാണ് ജില്ലയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
മഴക്കെടുതിയെ തുടര്‍ന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയില്‍ ക്വാറി, മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. ബീച്ചുകളില്‍ വിനോദ സഞ്ചാരത്തിനും നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാലും കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാലും അതീവ ജാഗ്രത പാലിക്കേണ്ടുന്നതിനാല്‍, കടലോര-കായലോര-മലയോര മേഖലകളിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതത്തിനും നിരോധനം ഏര്‍പ്പെടുത്തിയതായി ഉത്തരവില്‍ പറയുന്നു.