കേരളം
തലപ്പുഴയിലെത്തിയത് മാവോയിസ്റ്റുകൾ തന്നെ; തിരിച്ചറിഞ്ഞ് പൊലീസ്
തലപ്പുഴയിലെത്തിയ മാവോയിസ്റ്റുകളെ പൊലീസ് തിരിച്ചറിഞ്ഞു. സി പി മൊയ്തീൻ, മനോജ്, സന്തോഷ്, വിമൽകുമാർ, സോമൻ എന്നിവരാണ് സ്ഥിരമായി ഈ മേഖലയിൽ എത്തുന്നത്. മാവോവാദി സാന്നിധ്യം ഉണ്ടായ ഇടങ്ങളിൽ എല്ലാം തന്നെ അഞ്ച് പേർ അടങ്ങുന്ന ഈ സംഘമാണ് എത്തിയതെന്നും പൊലീസ് സ്ഥിരീകരിച്ചു.
സെപ്റ്റംബർ 28ന് മാവോയിസ്റ്റുകൾ കമ്പമലയിലെ കെഎഫ്ടിസി ഓഫീസ് അടിച്ചു തകർത്തതും പിന്നാലെ മൂന്ന് തവണ ജനവാസ മേഖലയിൽ എത്തിയതും ഒരേ മാവോവാദി സംഘം തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മക്കിമലയിലെ ജംഗിൾ വ്യൂ റിസോർട്ടിൽ മാവോവാദി സംഘം വീണ്ടുമെത്തുകയും ജീവനക്കാരന്റെ ഫോണിൽ നിന്ന് മാധ്യമപ്രവർത്തകർക്ക് വാട്സാപ്പിലൂടെ പത്രക്കുറിപ്പ് അയക്കുകയും ചെയ്തിരുന്നു. കബനീദളത്തിലെ അംഗങ്ങളായ സി പി മൊയ്തീൻ, സോമൻ എന്ന അക്ബർ, മനോജ്, സന്തോഷ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കൂട്ടത്തിലുള്ള മറ്റൊരാൾ വിമൽകുമാർ ആണെന്ന നിഗമനത്തിലാണ് പൊലീസ്.
രണ്ട് പ്രധാന നേതാക്കളുടെ അറസ്റ്റോടെ ശക്തി തെളിയിക്കുക മാവോവാദികളുടെ ആവശ്യമാണെന്നും അതിനുള്ള ശ്രമങ്ങൾ ആണ് ഇപ്പോൾ നടക്കുന്നതെന്നുമാണ് പൊലീസിന് ലഭിച്ച സൂചന. തണ്ടർ ബോൾട്ടിന്റെ നേതൃത്വത്തിലും ഹെലികോപ്റ്ററിലുമെല്ലാം പൊലീസ് ശക്തമായ തിരച്ചിൽ നടത്തുന്ന സമയത്ത് ഒരേ മേഖലയിൽ തന്നെ മാവോയിസ്റ്റുകൾ എത്തുന്നത് ഏറ്റുമുട്ടലിലേക്ക് നയിക്കാൻ ആണെന്നാണ് പൊലീസ് കരുതുന്നത്.