കേരളം
ശാന്തിപ്പണി പഠിക്കാനെത്തിയ 10 വയസുകാരനെ പീഡിപ്പിച്ചു; നിര്‍ണായക തെളിവായത് ആറ് വയസുകാരന്റെ മൊഴി
ശാന്തിപ്പണി പഠിക്കാനെത്തിയ 10 വയസുകാരനു നേരേ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമം നടത്തിയ ശാന്തിക്കാരന് 111 വർഷം കഠിന തടവും. 6.25 ലക്ഷം രൂപ പിഴയും ശിക്ഷ. പൂച്ചാക്കൽ പാണാവള്ളി വൈറ്റിലശ്ശേരി വീട്ടിൽ രാജേഷ് (42)യെയാണ് ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതി വിവിധ വകുപ്പുകളിലായി 111 വർഷത്തെ ശിക്ഷ വിധിച്ചത്. 2020 ഡിസംബർ 30ന് പൂച്ചാക്കൽ പോലിസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.
മണപ്പുറത്തിനു സമീപത്തെ ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്ന രാജേഷിന്റെ അടുക്കൽ ശാന്തിപ്പണി പഠിക്കാൻ വന്ന കുട്ടിക്ക് നേരെ ശാന്തിമഠത്തിൽ വച്ച് രാത്രിയിൽ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പിറ്റേ ദിവസം പുലർച്ചെ പൂജയുണ്ടെന്നും അതിൽ സഹായിക്കണമെന്നും പറഞ്ഞ് പ്രതി കുട്ടിയുടെ അച്ഛനില്‍ നിന്ന് അനുവാദം വാങ്ങി കുട്ടിയെയും മറ്റൊരു ആറു വയസ്സുകാരനെയും രാത്രിയിൽ ശാന്തി മഠത്തിൽ താമസിപ്പിച്ചു. ഇടയ്ക്ക് ഉറക്കമുണർന്നപ്പോഴാണ് കുട്ടി തന്നെ നഗ്നനാക്കിയതും തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തുന്നതും മനസിലാക്കിയത്.
എതിർത്തപ്പോൾ ഇയാൾ കുട്ടിയുടെ നെഞ്ചത്ത് അടിക്കുകയും ചുണ്ടിൽ കടിച്ച് മുറിവേൽപ്പിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന ആറുവയസ്സുകാരനെ മൂത്രമൊഴിപ്പിച്ച് കിടത്താനായി ആ കുട്ടിയുടെ പിതാവ് എത്തിയപ്പോഴാണ് കരഞ്ഞുകൊണ്ടിരിക്കുന്ന ബാലനെ കണ്ടത്. തുടര്‍ന്ന് വീട്ടിൽ എത്തിച്ചു. പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 23 സാക്ഷികളെ കോടതിയില്‍ ഹാജരാക്കി. മുഴുവൻ സാക്ഷികളെയും വിസ്തരിച്ചു.
ഇടയ്ക്ക് ഉറക്കമുണർന്നപ്പോൾ പ്രതി നഗ്നനായി നിൽക്കുന്നത് കണ്ട ആറുവയസ്സുകാരന്റെ മൊഴിയാണ് കേസില്‍ നിർണായക തെളിവായത്. പൂച്ചാക്കൽ എസ്.എച്ച്.ഒ ആയിരുന്ന എം അജയമോഹനാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇൻസ്‍പെക്ടർ അജി ജി നാഥ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ നിത്യ, അമ്പിളി, മനു, തോമസ് കുട്ടി എന്നിവർ അന്വേഷണത്തിന്റെ വിവിധ അവസരങ്ങളിൽ ഭാഗമായി.
പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളാലായാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പിഴ തുക ഇരയായ കുട്ടിക്ക് നൽകണം. അല്ലാത്തപക്ഷം ആറു വർഷം കൂടി ശിക്ഷ അനുഭവിക്കണം. ചേർത്തലയിൽ കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനായുള്ള പ്രത്യേക അതിവേഗ കോടതി സ്ഥാപിതമായതിനു ശേഷമുള്ള ഏറ്റവും വലിയ ശിക്ഷയാണ് കേസിൽ നൽകപ്പെട്ടത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബീന കാർത്തികേയൻ, അഡ്വ. ഭാഗ്യലക്ഷ്മി എന്നിവർ ഹാജരായി.