കേരളം
നെന്മാറ പഞ്ചായത്ത് അസി. സെക്രട്ടറിയെ കണ്ടെത്തി; പിടികൂടിയത് മധുരയിൽ നിന്ന്
പാലക്കാട് നെന്മാറ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ പൊലീസ് കണ്ടെത്തി. മധുരയിൽ വച്ചാണ് സുബൈർ അലിയെ പിടികൂടിയത്. അലിയെ പാലക്കാട്ടെത്തിച്ച് കോടതിയിൽ ഹാജരാക്കും. ഇന്നലെ ഉച്ച മുതലാണ് നെന്മാറ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുബൈർ അലിയെ കാണാതായത്.
സിപിഐഎം നേതാക്കൾക്കെതിരെ കത്തെഴുതി വെച്ച ശേഷമാണ് നെന്മാറ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഓഫീസിൽ നിന്നും പോയത്. കൊല്ലങ്കോട് സിപിഐഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നായിരുന്നു കത്തിലെ ഉള്ളടക്കം. ഇതോടെയാണ് സുബൈർ അലിയെ കാണാനില്ലെന്ന പരാതിയിൽ നെന്മാറ പൊലീസ് അന്വേഷണം ആരംഭിച്ചത്.
ഇതിനിടെ സുബൈർ ഇന്ന് രാവിലെ സഹപ്രവർത്തകരെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. തുടർന്ന് നെന്മാറയിൽ നിന്നുള്ള പൊലീസ് സംഘമാണ് മധുരയിൽ എത്തി അലിയെ പിടികൂടുന്നത്. അലിയെ ഉടൻ പാലക്കാട്ടെത്തിച്ച് കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷമായിരിക്കും തുടർനടപടികൾ. നേരത്തെ ചെയ്യാത്ത കാര്യത്തിൻ്റെ പേരിൽ സിപിഐഎം തന്നെ വേട്ടയാടുകയാണെന്ന് സുബൈർ പറഞ്ഞു.
‘ജാതിപ്പേര് പറഞ്ഞ് ആരെയും അധിക്ഷേപിച്ചിട്ടില്ല. വ്യക്തിപരമായ പല പ്രശ്നങ്ങൾക്കും നടുവിലാണ് ഈ പാർട്ടി ഭീഷണി. ഞാൻ മറ്റൊരു ഉദ്ദേശത്തോടെ തന്നെയാണ് വന്നത്. പക്ഷേ ഞാനൊരു മുസ്ലിം അല്ലെ, അങ്ങനെ ചെയ്യാൻ പറ്റില്ലല്ലോ’- സുബൈർ അലി പറഞ്ഞു.