കേരളം
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരും; കടലാക്രമണത്തിന് സാധ്യത
ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് നാലുദിവസം മിതമായ ഇടിമിന്നലോട് കൂടിയ മഴ തുടരാന്‍ സാധ്യത. ഇടിമിന്നല്‍ അപകടകാരിയായത് കൊണ്ട് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്ക് പടിഞ്ഞാറന്‍ ഝാര്‍ഖണ്ഡിന് മുകളില്‍ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു. മധ്യ മഹാരാഷ്ട്രയ്ക്ക് മുകളില്‍ സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി. ഇതിന്റെയെല്ലാം സ്വാധീനഫലമായി വരുംദിവസങ്ങളിലും മഴ തുടരുമെന്നാണ് പ്രവചനം.
അതിനിടെ കേരളത്തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 2.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.