കേരളം
ബിജെപി നേതാവിനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചു; ഭാസുരാംഗനെതിരെ വധശ്രമത്തിന് കേസ്
കണ്ടല സഹകരണ ബാങ്ക് പ്രസിഡന്റും സിപിഐ നേതാവുമായ ഭാസുരാംഗനെതിരെ വധശ്രമത്തിന് കേസ്. ബിജെപി നേതാവിന്റെ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. മാറനല്ലൂര്‍ പൊലീസ് ആണ് കേസെടുത്തത്. ഭാസുരാംഗന്‍ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നായിരുന്നു നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് തൂങ്ങാംപാറ ബാലകൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കിയത്. കണ്ടല ബാങ്കിന് സമീപത്ത് വെച്ചാണ് സംഭവം.
ചുവന്ന ബെന്‍സില്‍ എത്തിയ ഭാസുരാംഗനും മകനും ബാലകൃഷ്ണന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. കണ്ടല സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടിവിക്ക് വാര്‍ത്ത നല്‍കുന്നത് താനാണോ എന്ന് ചോദിച്ചായിരുന്നു ഇരുവരും എത്തിയതെന്ന് പരാതിക്കാരനായ ബാലകൃഷ്ണന്‍ ആരോപിച്ചു. തൂങ്ങാംപാറ ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് കണ്ടല ബാങ്കിലെ നിക്ഷേപകരുടെ സമരം നടക്കുന്നത്.
ബാലകൃഷ്ണന്റെ ആരോപണം-
നിക്ഷേപകരുടെ വിഷയവുമായി ബന്ധപ്പെട്ടാണ് രാവിലെ ബാങ്ക് പരിസരത്തേക്ക് വന്നത്. ആക്ടീവ വാഹനത്തില്‍ ബാങ്ക് പരിസരത്ത് നിന്നും ഒരു 50 മീറ്റര്‍ തിരിഞ്ഞപ്പോഴേക്കും ഒരു ഫോണ്‍ വന്നു. വാഹനം ഒരു ഭാഗത്തേക്ക് ഒതുക്കി ഫോണ്‍ എടുക്കുമ്പോഴാണ് ബെന്‍സ് കാറില്‍ ഭാസുരാംഗനും മകനുമെത്തി നീ ടി വി പ്രസാദിന് റിപ്പോര്‍ട്ട് കൊടുക്കുമല്ലേയെന്ന് പറഞ്ഞ് തെറി വിളിച്ചത്. നിന്നേയും ടി വി പ്രസാദിനേയും കൊന്നു കളയും. ആരാണ് റിപ്പോര്‍ട്ട് കൊടുത്തത് എന്ന് തിരിച്ച് ചോദിച്ചതോടെ നിന്നെ ഞാന്‍ എടുത്തോളാം നിന്റെ സമയം ആയി എന്ന് പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തിയിട്ടാണ് പോയത്. ഞാന്‍ ഉടന്‍ തന്നെ പൊലീസിനെ വിളിച്ചു. മാനല്ലൂര്‍ പൊലീസ് സ്ഥലത്തെത്തി. എന്നെ കൊല്ലാന്‍ വേണ്ടി ശ്രമിക്കുകയാണ്. 2012 മുതല്‍ നിക്ഷേപകര്‍ക്ക് അനുകൂലമായ സമരത്തിലാണ്.