കേരളം
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മറ്റിടങ്ങളിൽ യെല്ലോ അലർട്ട്
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപംകൊണ്ടതോടെ സംസ്ഥാനത്ത് മഴ കനക്കുന്നു. ഈ സാഹചര്യത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. പുതിയ റിപ്പോർട്ട് അനുസരിച്ച് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും 10 ജില്ലകളിൽ യെല്ലോ അലർട്ടുമായിരിക്കും. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
ഇന്ന് പത്ത് ജില്ലകളിലും നാളെ ഒമ്പത് ജില്ലകളിലും യെല്ലോ അലർട്ടാണ് ഇന്നലെ പുറപ്പെടുവിച്ചിരുന്നത്. എന്നാൽ ഇരട്ട ന്യൂനമർദ്ദം രൂപപ്പെട്ടതിന് പിന്നാലെ തിരുവനന്തപുരം, ആലപ്പുഴ ഉൾപ്പടെയുള്ള ജില്ലകളിൽ മഴ ശക്തമാകുകയായിരുന്നു. മധ്യ-തെക്കൻ ജില്ലകളിലാണ് കനത്ത മഴ പെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവുമധികം മഴ പെയ്തത് ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലാണ്.
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യുനമര്‍ദ്ദം രൂപപ്പെട്ടതോടെ അടുത്ത അഞ്ചു ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യതയെന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍ ഗോവ തീരത്തിന് സമീപമാണ് ന്യുന മര്‍ദ്ദം രൂപപ്പെട്ടത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ചു പടിഞ്ഞാറു വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയെന്ന അറിയിപ്പില്‍ പറയുന്നു.
ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ച് വടക്ക് – പടിഞ്ഞാറ് ദിശയിൽ കാറ്റ് സഞ്ചരിക്കും. പിന്നീട് വീണ്ടും ശക്തിപ്രാപിച്ച് ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ ഒന്ന് വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.