കേരളം
ഹൈടെക് സ്‌കൂള്‍ പദ്ധതിയെക്കുറിച്ച് തെറ്റായ പ്രസ്താവന നടത്തി; രമേശ് ചെന്നിത്തലക്കെതിരെ വക്കീല്‍ നോട്ടിസ്
ഹൈടെക് സ്‌കൂള്‍ നവീകരണ പദ്ധതിയെക്കുറിച്ച് തെറ്റായ പ്രസ്താവനകള്‍ നടത്തിയതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വക്കീല്‍ നോട്ടിസ്. പദ്ധതി നടപ്പാകുന്ന കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷനു (കൈറ്റ്) വേണ്ടി സോളിസിറ്റേര്‍സ് ഇന്ത്യ ലോ ഓഫിസ് ലീഡ് പാര്‍ട്ണറും സുപ്രീംകോടതി അഭിഭാഷകനായ അഡ്വ. ദീപക് പ്രകാശ് ആണ് ലീഗല്‍ നോട്ടിസ് അയച്ചത്.
നവംബര്‍ 7ന് മലയാള മനോരമ ദിനപത്രത്തില്‍ വന്ന ഒരു വാര്‍ത്തയെ ദുര്‍വ്യാഖ്യാനം ചെയ്ത് പ്രതിപക്ഷ നേതാവ് പൊതു പരിപാടിയിലൂടെയും ഫെയ്സ് ബുക്കിലൂടെയും തെറ്റായ പ്രസ്താവനകള്‍ നടത്തിയിരുന്നു. എന്നാല്‍ ആ ദിവസം തന്നെ വാര്‍ത്തയിലെ വിവരങ്ങളും കൈറ്റ് നടപ്പാക്കുന്ന ഹൈടെക് സ്‌കൂള്‍ പദ്ധതിയുമായി ഒരു ബന്ധവുമില്ലെന്നും തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അന്ന് കൈറ്റ് പത്രക്കുറിപ്പ് ഇറക്കിയിരുന്നു.
കൈറ്റിന്റെ പത്രക്കുറിപ്പിനെ തുടര്‍ന്ന് അടുത്ത ദിവസം മലയാള മനോരമ ദിനപ്പത്രം ഈ വിശദീകരണം വ്യക്തമായി പ്രസിദ്ധീകരിച്ചിരുന്നു. നവംബര്‍ 8ന് തന്നെ വസ്തുതകള്‍ വ്യക്തമാക്കിയും ഇതുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും ലഭ്യമാക്കാന്‍ സന്നദ്ധത അറിയിച്ചും കൈറ്റ് പ്രതിപക്ഷ നേതാവിന് കത്ത് നല്‍കിയിരുന്നു.
എന്നാല്‍ ഇതേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ നവംബര്‍ 11ന് പത്രസമ്മേളനത്തില്‍ ആവര്‍ത്തിച്ച സാഹചര്യത്തിലാണ് പ്രസ്താവന നിരുപാധികം പിന്‍വലിച്ചില്ലെങ്കില്‍ സിവില്‍-ക്രിമിനല്‍ നിയമ നടപടികളുമായി മുന്നോട്ടുപോവുമെന്ന് കാണിച്ച് ലീഗല്‍ നോട്ടിസ് നല്‍കിയിട്ടുള്ളത്.
നേരത്തെ ഒക്ടോബര്‍ 29-ന് സ്‌കൂള്‍ പദ്ധതിയെ സംശയ നിഴലില്‍ ആക്കിക്കൊണ്ട് കെ.പി.സി.സി സെക്രട്ടറി ജി.വി ഹരി ഫേസ്ബുക്ക് പോസ്റ്റിട്ടതിനെതിരെയും ലീഗല്‍ നോട്ടിസ് അയച്ചിരുന്നു. ഹരി ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തിട്ടുണ്ട്.