കേരളം
താമരാക്ഷന്‍ പിള്ളയെ സ്വന്തമാക്കി പെരിന്തല്‍മണ്ണ നഗരസഭ
‘ഈ പറക്കും തളിക’ എന്ന സിനിമയിലെ താമരാക്ഷന്‍ പിള്ള ബസിനെയും സുന്ദരനേയും ഉണ്ണിയെയും ഒന്നും മലയാളികള്‍ മറക്കാനിടയില്ല. സിനിമാസ്വാദകരുടെ മനസില്‍ ജീവിക്കുന്ന താമരാക്ഷന്‍പിള്ള ബസിനേയും കഥാപാത്രങ്ങളേയും ഇപ്പോള്‍ ഒന്നാകെ സ്വന്തമാക്കിയിരിക്കുകയാണ് പെരിന്തല്‍മണ്ണ നഗരസഭ. റോഡിലൂടെ കറങ്ങി നാട്ടുകാരെ കറക്കുകയല്ല, നാട് വൃത്തിയാക്കാനാണ് താമരാക്ഷന്‍ പിള്ള.
നെറ്റിയില്‍ പേരെഴുതി താമരാക്ഷന്‍ പിള്ള ബസ്സും പിന്നെ ഉണ്ണിയും സുന്ദരേശനും സുന്ദരേശനെ കറക്കിയ എലിയും വരെയുണ്ട് നഗരസഭയുടെ ഈ പുതിയ മാതൃകയില്‍. ബസിന്റെ വശങ്ങളില്‍ ബാസന്തിയും മറ്റു കഥാ പത്രങ്ങളുമുണ്ട്. പെരിന്തല്‍മണ്ണ നഗരസഭ ഓഫീസിന് മുന്‍പിലാണ് ബസ് നിര്‍ത്തിയിരിക്കുന്നത്. സമീപം ഇരിപ്പിടവും തയ്യാറാക്കിയിട്ടുണ്ട്. എല്ലാം പുനഃസൃഷ്ടിച്ചതാണെന്ന് മാത്രം.സിനിമയ്ക്കല്ല, മാലിന്യ ശേഖരണത്തിനാണ്. പെരിന്തല്‍മണ്ണ നഗരസഭാ പരിധിയില്‍ നിന്നും ഹരിത കര്‍മ്മ സേന അംഗങ്ങള്‍ ശേഖരിക്കുന്ന മാലിന്യം ബസിന് ഉള്ളില്‍ എത്തിക്കും.മാലിന്യം തരം തിരിക്കാനുള്ള മിനി എംസിഎഫ് ആണ് താമരാക്ഷന്‍ പിള്ള.
നേരത്തെ വാഹനങ്ങള്‍ കൂട്ടിയിട്ടിരുന്ന ഇടമാിരുന്നു ഇത്. മറ്റു വാഹനങ്ങള്‍ ഇവിടെ നിന്ന് മാറ്റിയെങ്കിലും ഈ ബസ് മാത്രം ഇവിടെ നിന്ന് നീക്കിയിരുന്നില്ല. തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗവും ,അങ്ങാടിപ്പുറം ഗവ:പോളി ടെക്‌നിക് കോളേജിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ബസ് മോഡി പിടിപ്പിച്ച് താമരാക്ഷന്‍ പിള്ളയാക്കുകയായിരുന്നു. ചിത്രകാരന്‍ ശ്രീ കൃഷ്ണന്റെ കരവിരുതാണ് ഇരു വശങ്ങളിലുമുള്ള കഥാ പത്രങ്ങള്‍. കൗതുകം പകരുന്നതിനൊപ്പം നഗരസഭയുടെ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയാകുകയാണ് ഇപ്പോള്‍ താമരാക്ഷന്‍ പിള്ളയും.