കേരളം
പെൺകുട്ടിയെ പിന്തുടർന്ന് ലൈംഗിക ചേഷ്ടകൾ കാട്ടിയ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരത്ത് പെൺകുട്ടിയെ പിന്തുടർന്ന് ലൈംഗിക ചേഷ്ടകൾ കാട്ടിയ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ആറുകാണി അണമുഖം തോട്ടിൻകര വീട്ടിൽ സനു രാജൻ ആണ് പിടിയിലായത്. സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി പോയതിനു ശേഷം മടങ്ങി വരവേയാണ് ഇയാള്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയത്.
വീരണകാവിന് സമീപം ഒരു പെൺകുട്ടി ഒറ്റയ്ക്ക് പോകുന്നത് സനു രാജന്‍റെ ശ്രദ്ധയിൽപ്പെട്ടു . ഇയാൾ പെൺകുട്ടിയുടെ അടുത്ത് എത്തിയശേഷം ഓട്ടോയിൽ കയറാൻ ആവശ്യപ്പെട്ടു. എന്നാൽ പെൺകുട്ടി ഇത് വിസമ്മതിച്ചപ്പോൾ ലൈംഗിക ചേഷ്ടകൾ കാട്ടി പിന്നാലെ പോവുകയായിരുന്നു. ഭയന്നുപോയ പെൺകുട്ടി ഓടി അടുത്തുള്ള ബന്ധുവിന്റെ വീട്ടിൽ അഭയം പ്രാപിച്ചു. തുടർന്ന് പെൺകുട്ടിയുടെ അച്ഛനെ വിവരം അറിയിച്ചു.
അച്ഛൻ സ്ഥലത്തെത്തിയപ്പോഴേക്കും ഓട്ടോ ഡ്രൈവർ സ്ഥലത്ത് നിന്നും വാഹനവുമായി രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാൻത്തിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ആദ്യഘട്ടത്തിൽ പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ല. നിരവധി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് വാഹനത്തെയും പ്രതിയെയും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞത് . വട്ടപ്പാറ രജിസ്ട്രേഷൻ ഉള്ളതാണ് ഓട്ടോ എന്ന് പൊലീസ് മനസിലാക്കി. തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്താൻ സഹായകമായത് എന്ന് പോലീസ് വ്യക്തമാക്കി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.