കേരളം
പൈപ്പ് പൊട്ടി വെള്ളക്കെട്ട്, പരിഹരിക്കാനെത്തി തോടായി
പൈപ്പ് പൊട്ടി റോഡിലുണ്ടായ ചെറിയ വെള്ളക്കെട്ട് മാത്രമുണ്ടായിരുന്ന റോഡ് നന്നാക്കാനുള്ള ശ്രമത്തിൽ തോടായി ഒഴുകുന്ന സ്ഥിതിയാണ് മാവേലിക്കരയിലുണ്ടായത്. പ്രശ്നം പരിഹരിക്കാനെത്തിയ തൊഴിലാളികള്‍ അടുത്ത ദിവസം നന്നാക്കാമെന്ന് വിശദമാക്കി മടങ്ങിയതോടെ നാട്ടുകാര്‍ കാത്തിരിപ്പിലാണ്. മാവേലിക്കര- തിരുവല്ല സംസ്ഥാന പാതയിൽ മാന്നാർ സ്റ്റോർ ജംഗ്ഷനിലാണ് സംഭവം.
ഇന്നലെയാണ് ഇവിടെ പൈപ്പ് പൊട്ടി വെള്ളക്കെട്ട് രൂപം കൊള്ളുകയായിരുന്നു. വിവരം വാര്‍ഡ് മെമ്പര്‍ ശാന്തിനി ബാലകൃഷ്ണന്‍ വാട്ടര്‍ അതോറിറ്റിയെ അറിയിക്കുകയും ചെയ്തിരുന്നു. രാത്രിയോടെ തൊഴിലാളികള്‍ പ്രശ്നം പരിഹരിക്കാനായി എത്തി. പൊട്ടിയ പൈപ്പ് നന്നാക്കാനുള്ള ശ്രമത്തിനിടെ വെള്ളം അധികമായി കൂടുതൽ ഒഴുകാൻ തുടങ്ങിയതോടെ ആകെ ആശങ്കയായി. പിന്നാലെ ആവശ്യമായ സാധന സാമഗ്രികൾ ഇല്ലാത്തതിനാൽ മണ്ണിട്ട് മൂടി പണി മതിയാക്കി തൊഴിലാളികൾ മടങ്ങുകയായിരുന്നു. എത്രയും വേഗം അറ്റകുറ്റപണികൾ നടത്തി വെള്ളക്കെട്ടിൽ നിന്നും മോചനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരുള്ളത്.
അതേസമയം ജലജീവൻ മിഷൻ പദ്ധതിയിലൂടെ സംസ്ഥാനത്തെ 50 ശതമാനം ഗ്രാമീണ വീടുകളിൽ കുടിവെള്ള കണക്ഷൻ എന്ന ചരിത്ര നേട്ടം കരസ്ഥമാക്കിയതായി സര്‍ക്കാര്‍ വിശദമാക്കിയിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് ആകെയുള്ള 69.92 ലക്ഷം ഗ്രാമീണ വീടുകളിൽ പകുതിയിലും, ജലജീവൻ മിഷനിലൂടെ ടാപ്പ് വഴി കുടിവെള്ളം ലഭ്യമാക്കിയിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് അറിയിച്ചത്. ആകെ 35.42 ലക്ഷം ഗ്രാമീണ വീടുകൾക്കാണ് ഇതുവരെ ടാപ്പ് വഴി കണക്ഷന്‍ ലഭ്യമാക്കിയിട്ടുള്ളത്.
സംസ്ഥാനത്തെ 100 വില്ലേജുകളും 78 പഞ്ചായത്തുകളും നൂറു ശതമാനം കുടിവെള്ള ലഭ്യത കൈവരിച്ച് ‘ഹർ ഘർ ജൽ’ പദവി നേടിയിട്ടുണ്ട്. മുഴുവൻ ഗ്രാമീണ വീടുകൾക്കും ടാപ്പ് വഴി കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം സംസ്ഥാനത്ത് 2020 ഒക്ടോബറിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്.