കേരളം
കൊച്ചി ഡെപ്യൂട്ടി മേയറുടെ പി.എയെന്ന പേരില്‍ തട്ടിപ്പ്; യുവാവ് അറസ്റ്റില്‍
നഗരസഭയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഫോര്‍ട്ട് കൊച്ചി കല്‍വത്തി അനീഷി(38)നെയാണ് ഞാറയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈയിലായിരുന്നു സംഭവം. കൊച്ചി ഡെപ്യൂട്ടി മേയറുടെ പി.എ ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് അനീഷ് കബളിപ്പിച്ചതെന്ന് പരാതിക്കാരന് പറഞ്ഞു.
എടവനക്കാട് സ്വദേശിയ്ക്ക് കൊച്ചി നഗരസഭയില്‍ കണ്ടിജന്റ് സൂപ്പര്‍വൈസറായി ജോലി നല്‍കാമെന്ന് പറഞ്ഞ് 60,000 രൂപയാണ് കൈപ്പറ്റിയത്. കബളിപ്പിക്കപ്പെട്ടെന്ന് അറിഞ്ഞതോടെ പരാതിക്കാരന് മേയര്‍ക്ക് പരാതി നല്‍കുകയായിരുന്നു. പരാതി പൊലീസിന് കൈമാറിയതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ഇതിന് പിന്നാലെ അനീഷ് ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷന് പരിധിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അനീഷിനെ പ്രത്യേക അന്വേഷണ സംഘം ശനിയാഴ്ചയാണ് പിടികൂടിയത്. അന്വേഷണ സംഘത്തില്‍ ഇന്‍സ്പെക്ടര്‍ എ.എല്‍ യേശുദാസ്, എസ്ഐമാരായ വന്ദന കൃഷ്ണന്, സി.ആര് രഞ്ജു മോള്, എഎസ്ഐ ടി.എസ് ഗിരീഷ്, സിപിഒമാരായ ആന്റണി ഫ്രെഡി, ഒ.ബി.സിമില്‍ എന്നിവരാണ് ഉണ്ടായിരുന്നത്.