കേരളം
അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ ഓറഞ്ച് അലേർട്ട്
വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രണ്ടു ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ഈ ജില്ലകളിൽ അതിശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുളളത്. നാളെ ഒമ്പത് ജില്ലകളിലാണ് യെല്ലോ അലേർട്ട്. തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട്, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, കോഴിക്കോട് എന്നീ ജില്ലകളിലാണ് വെള്ളിയാഴ്ച യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുളളത്.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചക്രവാതചുഴി തെക്കൻ ഛത്തീസ്ഗഡിനു മുകളിലായി നിലനിൽക്കുകയാണ്. മൺസൂൺ പാത്തി അടുത്ത നാല് ദിവസം സജീവമായി തുടരാനാണ് സാധ്യത. ഇന്ന് മുതൽ സെപ്റ്റംബർ പത്ത് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.