കേരളം
തദ്ദേശ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം ശ്രമം: കെ.സുരേന്ദ്രന്‍
വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കേണ്ട അവസാന ദിവസങ്ങളില്‍ ലക്ഷക്കണക്കിന് വോട്ടുകള്‍ വോട്ടര്‍പട്ടികയില്‍ തിരുകി കയറ്റി സി.പി.എം തദ്ദേശ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍.
തിരഞ്ഞെടുപ്പ് കമ്മീഷനെ നോക്കുകുത്തിയാക്കിയാണ് ഭരണപക്ഷം ക്രമക്കേടുകള്‍ നടത്തുന്നതെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു. പല വാര്‍ഡുകളിലും ഒരേ പേര് കടന്നുകൂടിയിട്ടുണ്ട്.
സി.പി.എം അനുഭാവികളായ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് വോട്ട് ഇരട്ടിപ്പ് നടന്നത്. പോസ്റ്റല്‍ വോട്ടിന്റെ കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തത വരുത്തണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
പോസ്റ്റല്‍ വോട്ടിന്റെ മറവില്‍ 60 വയസിന് മുകളിലുള്ളവരുടെ വോട്ട് റാഞ്ചാനുള്ള സി.പി.എം ശ്രമം ചെറുത്ത് തോല്‍പ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് മാനദണ്ഡം നിര്‍ണയിക്കാതെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
അഴിമതിയില്‍ മുങ്ങിക്കുളിച്ച സി.പി.എമ്മിന്റെ അവസാനത്തെ കച്ചിത്തുരുമ്പാണ് തിരഞ്ഞെടുപ്പ് അട്ടിമറി. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ സംസ്ഥാനത്ത് എല്‍.ഡി.എഫ് – യു.ഡി.എഫ് ധാരണ നിലവില്‍ വന്നതായി കെ.സുരേന്ദ്രന്‍ പറഞ്ഞു.
പി.കെ കുഞ്ഞാലിക്കുട്ടിയാണ് ഈ അവിശുദ്ധ സഖ്യത്തിന്റെ ഇടനിലക്കാരന്‍. പാലാരിവട്ടം പാലത്തിന്റെ അഴിമതി പണം കുഞ്ഞാലിക്കുട്ടിയിലേക്കാണ് പോയതെന്ന് വ്യക്തമായിട്ടും പിണറായി സര്‍ക്കാര്‍ ഒരു നടപടിയും കൈക്കൊള്ളാത്തത് ഈ ധാരണയുടെ അടിസ്ഥാനത്തിലാണ്.
മുന്‍മന്ത്രിമാരുടെയും ഉന്നത യു.ഡി.എഫ് നേതാക്കളുടേയും അഴിമതിക്കേസുകള്‍ തേച്ചുമായ്ച്ചു കളയാന്‍ മുഖ്യമന്ത്രി നേരിട്ടാണ് ഇടപെട്ടത്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള നേതാക്കളെ അഴിമതി കേസുകള്‍ കാണിച്ചാണ് പിണറായി ബ്ലാക്ക് മെയില്‍ ചെയ്യുന്നത്.
സ്വര്‍ണ്ണക്കടത്തിലും അനുബന്ധ അഴിമതികളിലും മുഖം നഷ്ടപ്പെട്ട ഇടതുസര്‍ക്കാരിന് പിടിച്ചു നില്‍ക്കണമെങ്കില്‍ യു.ഡി.എഫിന്റെ വോട്ട് കിട്ടിയേ തീരൂ. കമറുദ്ദീന്റെയും കെ.എം ഷാജിയുടേയും കേസുകളില്‍ നിന്നും രക്ഷപ്പെടാന്‍ യു.ഡി.എഫിന് ഇടതുപക്ഷത്തിന്റെ സഹായവും ആവശ്യമാണ്.
അഴിമതി സഹകരണ മുന്നണികളായി മാറിയ എല്‍.ഡി.എഫിനും യു.ഡി.എഫിനുമെതിരെ എന്‍.ഡി.എ ശക്തമായ ബദലായി മാറുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.