കേരളം
വീടുകയറി ആക്രമണം, യുവാവിന്റെ കൈ അടിച്ചൊടിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍
പോത്തന്‍കോട് നേതാജിപുരത്ത് വീടുകയറി ആക്രമണം നടത്തുകയും യുവാവിന്റെ കൈ അടിച്ചൊടിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. നേതാജിപുരം കല്ലംപള്ളി വീട്ടില്‍ എം. ദിനീഷ് (33), നേതാജിപുരം കലാഭവനില്‍ എം. ശ്യാംകുമാര്‍ (39) എന്നിവരാണ് അറസ്റ്റിലായത്. നേതാജിപുരം നഹാസ് മന്‍സിലില്‍ നഹാസിന്റെ വീടിനു നേരെയാണ് സംഘം ആക്രമണം നടത്തിയത്. അറസ്റ്റിലായ പ്രതികളെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
വ്യാഴാഴ്്ച രാത്രി 8.30ന് നേതാജിപുരം സൊസൈറ്റി ജംഗ്ഷനില്‍ തുടങ്ങിയ വാക്കേറ്റത്തിനൊടുവില്‍ ഇരുവരും ആദ്യം നഹാസിന്റെ കൈ കമ്പി കൊണ്ട് അടിച്ചൊടിച്ചു. പിന്നീട് സംഘമായി എത്തിയ ആക്രമികള്‍ നഹാസിന്റെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് സ്‌കൂട്ടറുകള്‍ തല്ലി തകര്‍ത്തു. കൊലക്കേസ് പ്രതി ഉള്‍പ്പെടെ 30 പേരോളം വരുന്ന സംഘമാണ് അക്രമം നടത്തിയതെന്നാണ് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. തടയാനെത്തിയ നാട്ടുകാരെയും ഇവര്‍ ആക്രമിക്കാന്‍ ശ്രമിച്ചു. സമീപത്തെ വീടിന്റെ ഗേറ്റും അക്രമി സംഘം ചവിട്ടി പൊളിച്ചു. ആക്രമത്തില്‍ കൈക്ക് ഗുരുതരമായി പരുക്കേറ്റ നഹാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി.
സുഹൃത്തും സമീപവാസിയുമായ രാജുവിന്റെ കൈ അടിച്ചൊടിച്ചത് ചോദ്യം ചെയ്തതിനാണ് നഹാസിനെയും ഇവര്‍ അടിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഓഗസ്റ്റ് ഏഴിനായിരുന്നു രാജുവിന് നേരെ ആക്രമണം ഉണ്ടായത്. 2014ല്‍ വാവറ അമ്പലത്ത് യുവതിയെ വീടിനുള്ളില്‍ വച്ച് കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയാണ് അറസ്റ്റിലായ ദിനീഷെന്ന് പൊലീസ് പറഞ്ഞു. പോത്തന്‍കോട് ഇന്‍സ്‌പെക്ടര്‍ മിഥുന്റെ നേതൃത്വത്തില്‍ എസ്‌ഐ രാജീവ്, എഎസ്‌ഐ വിനോദ് കുമാര്‍, സിപിഒമാരായ പി ശ്യാംകുമാര്‍, എ ഷാന്‍, രതീഷ് കുമാര്‍ എന്നിവര്‍ അടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.