കേരളം
പത്തനംതിട്ടയില്‍ ഇന്നലെ പെയ്തത് അതിതീവ്രമഴ; രേഖപ്പെടുത്തിയത് 225 മില്ലി മീറ്റര്‍
പത്തനംതിട്ടയിലെ കക്കിയില്‍ ഇന്നലെ പെയ്തത് അതിതീവ്രമഴ. 225 മില്ലി മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. അത്തിക്കയത്ത് 101 മില്ലി മീറ്ററും ആങ്ങമൂഴിയില്‍ 153 മില്ലി മീറ്ററും മൂഴിയാറില്‍ 143 മില്ലി മീറ്റര്‍ മഴയുമാണ് രേഖപ്പെടുത്തി. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഉയര്‍ത്തിയ മൂഴിയാര്‍ ഡാമിന്റെ എല്ലാ ഷട്ടറുകളും അടച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.
ഇന്നലെ വൈകീട്ട് മുതല്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. ഗവിയുടെ പരിസരപ്രദേശങ്ങളിലെ ഉള്‍വനത്തില്‍ രണ്ടു ഉരുള്‍പൊട്ടല്‍ ഉണ്ടായി. തുടര്‍ന്ന് ഗവിയിലേക്കുള്ള യാത്ര നിരോധിച്ചിരിക്കുകയാണ്. ജലനിരപ്പ് ഉയര്‍ന്നതോടെ കക്കാട് ജലവൈദ്യുതി പദ്ധതിയുടെ ജലസംഭരണിയായ മൂഴിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരുന്നു.
അതേസമയം, സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച തിരുവനന്തപുരത്തും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.
വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി നിലനില്ക്കുന്നു.നാളെയോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യത. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ഇത് ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. തുടര്‍ന്നാണ് കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.