കേരളം
ഈങ്ങാപ്പുഴ കക്കാട് പെൺകുട്ടി ഒഴുക്കിൽപ്പെട്ട് മരിച്ചു
കോഴിക്കോട് ഈങ്ങാപ്പുഴ കക്കാട് പെൺകുട്ടി ഒഴുക്കിൽപ്പെട്ട് മരിച്ചു. മലപ്പുറം അങ്ങാടിപ്പുറം സ്വദേശി തസ്നിയാണ് മരിച്ചത്. ഉച്ചയ്ക്ക് 3.30നാണ് സംഭവം.ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയെത്തി പെൺകുട്ടിയെ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നിരവധി കുട്ടികൾക്കാണ് ജലാശയങ്ങളിൽ ജീവൻ പൊലിഞ്ഞുപോവുന്നത്. മലപ്പുറത്ത് രണ്ട് ദിവസത്തിനുള്ളില്‍ നടന്ന രണ്ട് ജലദുരന്തങ്ങളിലായി ജീവന്‍ നഷ്ടമായത് മൂന്ന് വിദ്യാര്‍ഥികള്‍ക്കാണ്. നിലമ്പൂര്‍ മമ്പാട് ഒടായിക്കല്‍ പുഴയിലും കാരാത്തോട് പുഴയിലുമാണ് സംഭവങ്ങള്‍ നടന്നത്. ഞായറാഴ്ച നിലമ്പൂര്‍ മമ്പാട് ഒടായിക്കല്‍ പുഴയില്‍ രണ്ട് വിദ്യാര്‍ഥികളാണ് മുങ്ങി മരിച്ചത്. മമ്പാട് പന്തലിങ്ങല്‍ മില്ലുംപടി സ്വദേശികളായ അഫ്താബ് റഹ്മാന്‍ (14), റയാന്‍ (14) എന്നിവരാണ് മരിച്ചത്. സഹോദരങ്ങളുടെ മക്കളാണ് ഇരുവരും. ഞായറാഴ്ച വൈകീട്ട് 5.30നാണ് സംഭവം. മമ്പാട് ഒടായിക്കലില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. ഇതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഫ്താബ് മമ്പാട് എം.ഇ.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.